ബിജെപിക്കെതിരെ സംസാരിക്കുന്നത് അവസാനിപ്പിക്കരുത് ഞാനുമുണ്ട് കൂടെ ; സിദ്ധാർത്ഥിന് പിന്തുണയുമായി പാർവതി തിരുവോത്ത്

കൊച്ചി : ബിജെപിക്കെതിരെ രൂക്ഷ വിമർശനം നടത്തുന്ന തമിഴ് ചലച്ചിത്രതാരം സിദ്ധാർത്ഥിന് പിന്തുണയുമായി മലയാള ചലച്ചിത്ര താരം പാർവ്വതി തിരുവോത്ത്. ബിജെപിക്കെതിരെ വിമര്ശനമുയർത്തുന്ന നിലപാടിൽ നിന്നും പിന്മാറരുതെന്നും താനടക്കമുള്ള ഒരു പട നിങ്ങൾക്കൊപ്പമുണ്ടെന്നും പാർവ്വതി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പാർവതി സിദ്ധാർത്ഥിന് പിന്തുണ അറിയിച്ചത്.

സിദ്ധാർഥ് നിങ്ങൾ തളരരുത് നിങ്ങളോടൊപ്പം ഒരു പട തന്നെ കൂടെയുണ്ട്. ഇതിൽ നിന്ന് ഒരിക്കലും പിന്മാറരുത് . താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നെന്നും പാർവ്വതി ട്വിറ്ററിൽ കുറിച്ചു. ബിജെപി പ്രവർത്തകർ തന്റെ മൊബൈൽ നമ്പർ ലീക്ക് ചെയ്‌തെന്ന സിദ്ധാർത്ഥിന്റെ ആരോപണം ഉന്നയിച്ച ട്വീറ്റ് പങ്കുവെച്ചാണ് പാർവതി കുറിപ്പ് പങ്കുവെച്ചത്.

ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും സിദ്ധാർത്ഥ് നിരവധി വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിക്കാറുണ്ട്. കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ തന്റെ മൊബൈൽ നമ്പർ ലീക്ക് ചെയ്‌തെന്ന് ആരോപിച്ച് സിദ്ധാർത്ഥ് രംഗത്തെത്തിയിരുന്നു.