മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളി ; ആന്റണി പെരുമ്പാവൂരിനെ ട്രോളി ബോബി ചെമ്മണ്ണൂർ

തൊഴിലാളി ദിനത്തിൽ ആന്റണി പെരുമ്പാവൂരിനെയും മോഹൻലാലിനെയും ട്രോളി ബോബി ചെമ്മണ്ണൂർ. തന്റെ ഫേസ്‌ബുക്ക് പേജിൽ ബോബി ചെമ്മണ്ണൂർ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുതലാളിയെകൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളി. മെയ്‌ദിന ആശംസകൾ എന്നെഴുതിയ മോഹൻലാലും ആന്റണി പെരുമ്പാവൂരും നിൽക്കുന്ന ചിത്രമാണ് ബോബി ചെമ്മണ്ണൂർ പങ്കുവെച്ചത്.

ബോബി ചെമ്മണ്ണൂർ പങ്കുവെച്ച ചിത്രം ഇതിനോടകം ഫേസ്‌ബുക്കിൽ വൈറലായിരിക്കുകയാണ്. മോഹൻലാലിൻറെ താൽക്കാലിക ഡ്രൈവറായെത്തിയ ആന്റണി പെരുമ്പാവൂരിന്റെ സ്വഭാവം ഇഷ്ടപെട്ട മോഹൻലാൽ കൂടെ പോരുന്നോ എന്ന് ചോദിക്കുകയും രണ്ടാമതൊന്നു ആലോചിക്കാതെ ആന്റണി പെരുമ്പാവൂർ മോഹൻലാലിനൊപ്പം ചേരുകയായിരുന്നു.

ഡ്രൈവർ ജോലിയോടൊപ്പം മോഹൻലാലിൻറെ മാനേജർ പദവിയിലേക്ക് മാറിയ ആന്റണി പിന്നീട് മോഹൻലാലിൻറെ സിനിമ പ്രൊഡ്യൂസ് ചെയ്യുകയും ചെയ്തു. മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ആദ്യ ചിത്രമാണ് നരസിംഹം. പിന്നീട് ഇരുപത്തി ഏഴോളം ചിത്രങ്ങൾ മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു. സൂപ്പർഹിറ്റ് ചിത്രങ്ങളായ ലൂസിഫറും ദൃശ്യവുമാണ് ഏറ്റവും അവസാനമായി ആന്റണി പെരുമ്പാവൂർ നിർമ്മിച്ചത്.

ആന്റണി പെരുമ്പാവൂരും മോഹൻലാലും ഒരു കുടുംബം പോലെയാണ് ജീവിക്കുന്നത്. മോഹൻലാൽ എന്ന വ്യക്തി ഉള്ളത് കൊണ്ട് മാത്രമാണ് താൻ ഈ നിലയിൽ നിൽക്കുന്നതെന്ന് ആന്റണി പെരുമ്പാവൂരും പറയുന്നു.