എല്ലാം വിറ്റു തുലച്ചു അവസാനം ഒന്നും ഇല്ലാതായപ്പോൾ ഇറക്കി വിട്ടു ; പ്രീയങ്കയുടെ മരണത്തിൽ രാജൻ പി ദേവിന്റെ മകനെതിരെ കുടുംബം

തിരുവനന്തപുരം : അന്തരിച്ച നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി പി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയെ വീട്ടിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പ്രിയങ്കയുടെ കുടുംബം രംഗത്ത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രിയങ്കയുടെ സഹോദരൻ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് തിരുവനന്തപുരം വെമ്പായത്തുള്ള വീടിനുള്ളിൽ പ്രിയങ്കയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനമാണ് പ്രീയങ്കയുടെ മരണത്തിന് കാരണമെന്ന് സഹോദരൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

2019 നവംബറിലാണ് ഉണ്ണി പി രാജൻ പി ദേവും പ്രിയങ്കയും വിവാഹിതരായത്. സ്ത്രീധനത്തിന്റെ പേരിൽ ഉണ്ണി നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് കാണിച്ച് പ്രിയങ്ക നേരത്തെ വട്ടപ്പാറ പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പോലീസ് കാര്യമായ അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ഉണ്ണിയുടെ പീഡനം സഹിക്കാൻ പറ്റാതായതോടെയാണ് അങ്കമാലിയിലെ ഉണ്ണിയുടെ വീട്ടിൽ നിന്നും തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേക്ക് പ്രിയങ്ക എത്തിയത്. വീട്ടിലെത്തിയതിന്റെ പിറ്റേദിവസമാണ് പ്രിയങ്ക ജീവനൊടുക്കിയത്. ഉണ്ണി നിരന്തരം പ്രിയങ്കയെ മർദ്ധിച്ചിരുന്നതായും മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസിൽ നൽകിയതായും കുടുംബം പറയുന്നു. അതേസമയം പ്രിയങ്കയുടെ മരണത്തിൽ ഉണ്ണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഉണ്ണി മർദ്ധിക്കുന്നതായുള്ള വിവരമൊന്നും പ്രിയങ്ക വീട്ടിൽ അറിയിച്ചിരുന്നില്ല. പിന്നീട് പീഡനം സഹിക്കാൻ വയ്യാത്തയായപ്പോഴാണ് പോലീസിൽ പരാതി നൽകിയത്. പ്രിയങ്കയ്ക്ക് നൽകിയ സ്വർണാഭരണങ്ങൾ പലപ്പോഴായി ഉണ്ണി വാങ്ങി വിൽക്കുകയും ചെയ്തിരുന്നു. കൂടാതെ പ്രിയങ്കയുടെ അമ്മയുടെ കയ്യിൽ നിന്ന് ലക്ഷങ്ങൾ വാങ്ങുകയും ചെയ്തിരുന്നതായും. അവസാനം ഒന്നും ഇല്ലാതെ ആയപ്പോൾ പ്രീയങ്കയെ വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നെന്നും പ്രിയങ്കയുടെ കുടുംബം പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു