കടം വീട്ടാനും കുടുംബം നോക്കാനും 74 ആം വയസിൽ ലോട്ടറി വില്പന ; പണയത്തിലിരുന്ന ആധാരം തിരിച്ചെടുത്ത് നൽകി സുരേഷ് ഗോപി

കൊച്ചി : മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിനിടയിൽ ആദിവാസികൾക്ക് നിരവധി സഹായങ്ങൾ ചെയ്യുകയും ലോക്സഭയിൽ ആദിവാസികൾക്ക് വേണ്ടി സംസാരിക്കുകയും ചെയ്ത സുരേഷ് ഗോപി എംപിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപി ചെയ്ത മറ്റൊരു നന്മകൂടി വാർത്തകളിൽ ഇടംനേടുകയാണ്. പണയത്തിൽ ഇരിക്കുന്ന വീട് തിരിച്ചെടുക്കാനും കുടുംബം നോക്കാനുമായി 74 ആം വയസിൽ ലോട്ടറി വിൽക്കാനിറങ്ങിയ വയോധികയുടെ കടങ്ങൾ വീട്ടി വീട് തിരിച്ചെടുത്ത് നൽകിയിരിക്കുകയാണ് താരം.

എറണാകുളം സ്വദേശിയായ പുഷ്പയുടെ പണയത്തിലിരുന്ന വീടാണ് സുരേഷ്‌ഗോപി തിരിച്ചെടുത്ത് നൽകിയത്. വ്ലോഗർ സുശാന്ത് നിലമ്പൂരാണ് 74 ആം വയസിൽ കുടുംബം പോറ്റാനും കടം വീട്ടാനുമായി ലോട്ടറി വില്പന നടത്തുന്ന പുഷ്പയുടെ ദയനീയ ജീവിതം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇത് ശ്രദ്ധയിൽപെട്ട സുരേഷ് ഗോപി പണയത്തിലിരിക്കുന്ന വീടിന്റെ കടം വീട്ടി ആധാരം തിരിച്ചെടുത്ത് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

ഇന്നലെ വൈകുന്നേരം നാലുമണിയോടെ പുഷപയുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നൽകുകയായിരുന്നു. സുരേഷ് ഗോപിയുടെ മകനും ചലച്ചിത്രതാരവുമായ ഗോകുൽ സുരേഷ് നേരിട്ടെത്തിയാണ് പുഷ്പയ്ക്ക് ആധാരം കൈമാറിയത്. വിധവയായ മരുമകളെയും മക്കളെയും ഹൃദ്‌രോഗിയായ മകനെയും നോക്കാൻ വേണ്ടിയാണ് പുഷ്പ 74 ആം വയസിൽ ലോട്ടറി വില്പനയ്ക്കായി ഇറങ്ങിയത്. വീടിന്റെ ആധാരം തിരിച്ചെടുക്കാനായി 65000 രൂപ വേണമെന്ന് സുശാന്ത് നിലമ്പൂർ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. ഈ തുക നൽകിയാണ് സുരേഷ് ഗോപി പുഷ്പയുടെ കണ്ണീരൊപ്പിയത്. ഷിറ്റ് ഗോപിയെന്നും,ഓട് പൊളിച്ച് കയറിയ എംപി എന്നുമൊക്കെ വിളിച്ച് പരിഹസിക്കുമ്പോഴും സുരേഷ് ഗോപി തന്റെ കർത്തവ്യം തുടരുകയാണെന്നും കയ്യടി അർഹിക്കുന്നെന്നും സോഷ്യൽ മീഡിയ പറയുന്നു.