വ്യവസായിയിൽ നിന്നും നാൽപ്പത് ലക്ഷം രൂപ തട്ടിയ സംഭവത്തിൽ നടൻ ബാബുരാജിനെതിരെ പോലീസ് കേസെടുത്തു

ഇടുക്കി : ചലച്ചിത്ര താരം ബാബുരാജ് ഭീഷണിപ്പെടുത്തുന്നതായി വ്യവസായിയുടെ പരാതി. റവന്യു നടപടി നേരിടുന്ന റിസോർട്ട് പാട്ടത്തിന് നൽകി കബളിപ്പിച്ച് നാൽപ്പത് ലക്ഷം രൂപ ബാബുരാജ് തട്ടിയെടുത്തെന്നും. പണം തിരിച്ച് ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുകയുമാണെന്നാണ് കോതമംഗലം സ്വദേശി അരുൺ പരാതി നൽകിയത്. വ്യവസായിയുടെ പരാതിയിൽ കോടതി നിർദേശത്തെ തുടർന്ന് ബാബുരാജിനെതിരെ പോലീസ് കേസെടുത്തു.

മൂന്നാറിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടുമായി ബന്ധപ്പെട്ട് രണ്ട് വര്ഷങ്ങക്ക് മുൻപ് നൽകിയ പരാതിയിലാണ് നടപടി. നാല്പത് ലക്ഷം രൂപയ്ക്കാണ് തലക്കാട് സ്വദേശിയും വ്യവസായിയുമായ അരുൺ റിസോർട്ട് പാട്ടത്തിന് വാങ്ങിയത്. കോവിഡ് രൂക്ഷമായതിനെ തുടർന്ന് റിസോർട്ട് തുറന്ന് പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. കോവിഡിന് ശേഷം റിസോർട്ട് തുറക്കുന്നതിനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായതെന്ന് അരുൺ പറയുന്നു.

സിനിമ താരമായതിനാൽ പോലീസ് ബാബുരാജിനെതിരെ കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് അരുൺ കോടതിയിൽ നിന്നും അനുകൂലമായ നടപടി നേടിയെടുക്കുകയായിരുന്നു. കോടതിയുടെ നിർദേശപ്രകാരമാണ് ബാബുരാജിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായതെന്ന് അരുൺ പറയുന്നു.