ഷക്കീലയുടെ മകളുടെ കാറിന് പിന്നിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് അപകടം ; തലനാരിഴയ്ക്ക് രക്ഷപെട്ടെന്ന് മില്ല

ചലച്ചിത്ര താരം ഷക്കീലയുടെ മകൾ സഞ്ചരിച്ച കാറിൽ ലോറി ഇടിച്ച് അപകടം. ഷക്കീലയുടെ മകൾ മില്ല ബേബിഗലും സുഹൃത്തുക്കളും സഞ്ചരിച്ച കാറിൽ നിയന്ത്രണം നഷ്ടപെട്ട ലോറി വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. കാറിന്റെ പുറക് വശം ഭാഗീകമായി തകർന്നു.

അതേസമയം തലനാരിഴക്കാണ് താനും തന്റെ സുഹൃത്തുക്കളും രക്ഷപ്പെട്ടതെന്ന് മില്ല പറഞ്ഞു. അപകടത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെയാണ്‌ താരം അപകട വിവരം പുറം ലോകത്തെ അറിയിച്ചത്. ചലച്ചിത്ര താരങ്ങളായ കമ്പം മീനയും,ദിവ്യ ഗണേഷും അപകട സമയത്ത് കാറിൽ ഉണ്ടായിരുന്നതായി മില്ല പറഞ്ഞു.

അപകടത്തിൽ തന്റെ മുതുകിൽ ശക്തിയായി എന്തോ ഇടിച്ചെന്നും മുതുകിൽ രക്തം കട്ട പിടിച്ച് കിടക്കുകയായണെന്നും മില്ല പറയുന്നു. ചികിത്സ തേടിയതായും മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ലെന്നും മില്ല പറഞ്ഞു. വലിയൊരു അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടെന്നും മില്ല പറഞ്ഞു.

മോഡലും,ഫാഷൻ ഡിസൈനറുമായ മില്ല ഷക്കീലയുടെ ദത്ത് പുത്രിയാണ്. വർഷങ്ങൾക്ക് മുൻപാണ് ട്രാൻസ്‌ജെന്റർ ആയ മില്ലയെ ഷക്കീല ദത്തെടുത്തത്. ചാനൽ പരിപാടിയിലാണ് ഷക്കീല മില്ലയെ ആദ്യമായി പരിചയപ്പെടുത്തിയത്.