എന്റെ മകൻ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാരൻ സുരേഷ്‌ഗോപി മാത്രമാണ് ; വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു

തന്റെ മൂത്ത മകൻ ജീവനോടെ ഇരിക്കുന്നതിന്റെ കാരണം സുരേഷ് ഗോപിയാണെന്ന് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു. ഇരുപത് വർഷങ്ങൾക്ക് ശേഷം താരസംഘടയായ അമ്മയുടെ ഓഫിസിൽ എത്തിയ സുരേഷ്‌ഗോപിക്ക് സ്വീകരണം നൽകി സംസാരിക്കുന്നതിനിടയിലാണ് മണിയൻപിള്ള രാജു ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു വർഷം മുൻപ് ഗുജറാത്തിൽ ജോലി ചെയ്യുകയായിരുന്ന തന്റെ മകൻ സച്ചിന് കോവിഡ് ബാധിക്കുകയും ആരോഗ്യനില വഷളാകുകയും ചെയ്തിരുന്നു. മകൻ കോവിഡ് ബാധിതനാണെന്നും ആരോഗ്യനില അതീവ ഗുരുതരമാണെന്നും പറഞ്ഞ് ഗുജറാത്തിൽ നിന്നും സന്ദേശം എത്തിയപ്പോൾ താൻ ആകെ പരിഭ്രമിച്ചു. എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു. സഹായത്തിന് ആരെ സമീപിക്കണം എന്നറിയാതെ നിൽക്കുമ്പോഴാണ് സുരേഷ്‌ഗോപിയെ ഓർത്തത്. അപ്പോൾ തന്നെ സുരേഷ് ഗോപിയെ വിളിച്ച് കാര്യം പറഞ്ഞു. കരഞ്ഞ് കൊണ്ടാണ് താൻ സുരേഷ്ഗോപിയോട് കാര്യം പറഞ്ഞത്. എല്ലാം കേട്ട ശേഷം സുരേഷ് ഗോപി ഫോൺ വെയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീട് അങ്ങോട്ട് നടന്നത് എല്ലാം അത്ഭുതങ്ങളായിരുന്നെന്ന് മണിയൻപിള്ള രാജു പറയുന്നു.

ഗുജറാത്തിലെ ഒരു റിമോട്ട് ഏരിയയിലാണ് മകൻ ജോലി ചെയ്തിരുന്നത്. സുരേഷ്‌ഗോപി ആദ്യം അവിടെയുള്ള എംപിയെ ബന്ധപെട്ടു. ഒന്നല്ല നാല് എംപി മാരുടെ സഹായമാണ് സുരേഷ്‌ഗോപി തേടിയത്. തുടർന്ന് സുരേഷ്‌ഗോപിയുടെ തന്നെ ഇടപെടലിലൂടെ അത്യാധുനിക സംവിധാനത്തോടെയുള്ള ആംബുലൻസ് സ്ഥലത്തെത്തുകയും അഞ്ച് മണിക്കൂർ കൊണ്ട് മകനെ രാജ്‌കോട്ടിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദയം ചുരുങ്ങിയ നിലയിലായിരുന്നു തന്റെ മകൻ ഉണ്ടായിരുന്നത്. ഒരൽപം വൈകിയിരുന്നെങ്കിൽ മകനെ ജീവനോടെ തിരിച്ച് കിട്ടില്ല എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്.

ആശുപത്രിയിൽ മകൻ എത്തുന്നതിന് മുൻപ് അവന് വേണ്ട ഡോക്ടർമാരടക്കമുള്ളവർ അവിടെ തയ്യാറായി നിൽക്കുകയായിരുന്നു. ഇന്നെന്റെ മകൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാരൻ സുരേഷ്‌ഗോപി മാത്രമാണ്. സുരേഷ്‌ഗോപി ഇല്ലായിരുന്നെങ്കിൽ അവനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയുമായിരുന്നില്ല. സുരേഷ്‌ഗോപിയെ തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും ഹൃദയത്തിലുണ്ടാകുമെന്നും മണിയൻപിള്ള രാജു പറഞ്ഞു.