നിരന്തരം പ്രണയാഭ്യർത്ഥന നടത്തി ശല്ല്യം ചെയ്തു ; മഞ്ജുവിന്റെ പരാതിയിൽ സംവിധായകൻ അറസ്റ്റിൽ

നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മഞ്ജു വാര്യർ നൽകിയ പരാതിയിലെ വിവരങ്ങൾ പുറത്ത്. രണ്ട് വർഷത്തോളമായി സനൽകുമാർ ശശിധരൻ സമൂഹ മാധ്യമങ്ങളിലൂടെയും വാട്സാപ്പ് ഈമെയിൽ തുടങ്ങിയവലയിലൂടെയും പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. പ്രണയം നിരസിച്ചതിനെ തുടർന്നുള്ള വിരോധമാണ് തനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്താൻ കാരണമെന്ന് മഞ്ജു വാര്യർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണെന്നും മഞ്ജുവിന്റെ മാനേജർമാരുടെ തടവറയിലാണ് മഞ്ജു കഴിയുന്നതെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം സനൽകുമാർ ശശിധരൻ ഫേസ്‌ബുക്കിലൂടെ മഞ്ജു വാര്യർക്കെതിരെ ഉന്നയിച്ചത്. മഞ്ജുവിനെ നായകനാക്കി സനൽകുമാർ ശശിധരൻ കയറ്റം എന്ന സിനിമ സംവിധാനം ചെയ്തിരുന്നു. ഇതിനിടയിൽ മഞ്ജു വാര്യരും മാനേജർമാരും ഒരു ടെന്റിൽ രാത്രി കിടന്നുറങ്ങി എന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉയർത്തിയത്.

അതേസമയം കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സനൽകുമാർ ശശിധരൻ ആദ്യം പ്രണയാഭ്യർത്ഥന നടത്തിയതെന്നും എന്നാൽ അത് കാര്യമാക്കി എടുക്കാത്തതിനാൽ തുടർച്ചയായി അയാൾ തന്നോട് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. ഫോണിലൂടെയും വാട്സാപ്പിലൂടെയും പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ താൻ അതൊക്കെ ബ്ലോക്ക് ചെയ്തു എന്നാൽ പിന്നീട് ഇ മെയിൽ വഴിയും അയാൾ പ്രണയാഭ്യർത്ഥന നടത്തിയെന്നും മഞ്ജു വാര്യർ നൽകിയ പരാതിയിൽ പറയുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ശല്ല്യം ചെയ്യൽ തുടർന്നതോടെയാണ് പോലീസിൽ പരാതി നൽകിയതെന്നാണ് താരവുമായി അടുത്ത് നിൽക്കുന്ന സുഹൃത്തുക്കൾ പറയുന്നത്.