തെന്നിന്ത്യൻ ചലച്ചിത്രതാരം നിക്കി ഗൽറാണി വിവാഹിതയായി

തെന്നിന്ത്യൻ ചലച്ചിത്രതാരം നിക്കി ഗൽറാണി വിവാഹിതയായി. നടൻ ആദിയാണ് നിക്കിയുടെ കഴുത്തിൽ താലി ചാർത്തിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഇക്കഴിഞ്ഞ മാർച്ച് 24 നാണ് നിക്കിയുടെയും,ആദിയുടെയും വിവാഹ നിശ്ചയം നടന്നത്.

ചെന്നൈയിലെ പ്രമുഖ ഹോട്ടലിൽവെച്ചാണ് വിവാഹം നടന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ നിക്കി ഗിൽറാണിയുടെ വീട്ടിൽ നടന്നു. തമിഴ്,തെലുങ്ക് സിനിമയിൽ സജീവമായ താരമാണ് ആദി. ഒക്ക വി ചിത്തിരം എന്ന ചിത്രത്തിലൂടെയാണ് ആദി സിനിമയിലെത്തുന്നത്.

മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിൽ സജീവമായ താരമാണ് നിക്കി ഗൽറാണി. നിവിൻ പോളി നായകനായി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിലൂടെയാണ് നിക്കി മലയാളത്തിലെത്തുന്നത്. തുടർന്ന് വെള്ളി മൂങ്ങ, ഓം ശാന്തി ഓശാന,മര്യാദ രാമൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.