പ്രശസ്ത ചലച്ചിത്രതാരത്തെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യ സഹോദരൻ അറസ്റ്റിൽ

ബെംഗളൂരു : പ്രശസ്ത ചലച്ചിത്രതാരം വജ്ര സതീഷിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആർആർ നഗറിലുള്ള പട്ടണഗിരിയിലെ വീട്ടിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും,വയറ്റിലും ആഴത്തിൽ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വജ്ര സതീഷിന്റെ ഭാര്യ സഹോദരനായ സുദർശനേയും രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

നാല് വർഷം മുൻപാണ് വജ്ര സതീഷിന്റെ വിവാഹം നടന്നത്. സുദർശന്റെ സഹോദരിയെയാണ് സതീഷ് വിവാഹം ചെയ്തത് ഈ ബന്ധത്തിൽ ഒരു കുട്ടിയും സതീഷിനുണ്ട്. എന്നാൽ ഏഴ് മാസങ്ങൾക്ക് മുൻപ് ഭാര്യ മരണപ്പെട്ടിരുന്നു. കൃത്യമായ ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

സഹോദരിയുടെ മരണത്തിലുള്ള പ്രതികാരമാണ് സതീഷിന്റെ കൊലപാതകമെന്ന് സുദർശൻ പൊലീസിന് മൊഴി നൽകി. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സതീഷിനെ സുദർശൻ കൊലപ്പെടുത്തിയത്. നിരവധി കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള സതീഷ് ഒരു യുട്യൂബർ കൂടിയാണ്.