പല്ല് വേദനയെ തുടർന്ന് നടത്തിയ ചികത്സയിൽ പിഴവ് സംഭവിച്ചതോടെ ജീവിതം വഴിമുട്ടി ചലച്ചിത്രതാരം സ്വാതി സതീഷ്

ബെംഗളൂരു : പല്ല് വേദനയെ തുടർന്ന് നടത്തിയ ചികത്സയിൽ പിഴവ് സംഭവിച്ചതോടെ ജീവിതം വഴിമുട്ടി ചലച്ചിത്രതാരം സ്വാതി സതീഷ്. പല്ല് വേദന മാറാൻ നടത്തിയ റൂട്ട് കനാൽ ശസ്ത്രക്രിയയ്ക്ക് ശേഷം നടിയുടെ മുഖം വികൃതമാകുകയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴാവാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് നടി പറയുന്നു. സംഭവത്തിന് ശേഷം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്നും താരം പറഞ്ഞു.

ബെംഗളൂരു സ്വദേശിയായ താരം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പല്ല് വേദനയെ തുടർന്ന് ദന്ത ഡോക്ടറെ സമീപിച്ചത്. ഡോക്ടറുടെ നിർദേശ പ്രകാരം റൂട്ട് കനാൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയായിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം താരത്തിന്റെ മുഖം വീർത്ത് വരികയും തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാകുകയുമായിരുന്നു.

മുഖത്തെ നീർക്കെട്ടും വേദനയും രണ്ട് ദിവസത്തിനുള്ളിൽ മാറുമെന്ന് ദന്ത ഡോക്ടർ പറഞ്ഞെങ്കിലും മൂന്നാഴ്ച കഴിഞ്ഞിട്ടും നീർകെട്ടിനും വേദനയ്ക്കും ശമനമുണ്ടായില്ല. ചികിത്സയെ കുറിച്ച് ഡോക്ടർക്ക് വ്യക്തമായ ധാരണ ഇല്ലായിരുന്നെന്നും തെറ്റായ മരുന്നുകളാണ് തനിക്ക് കുറിച്ച് തന്നതെന്നും താരം ആരോപിക്കുന്നു. അനസ്‌ത്യേഷ്യക്ക് പകരം സാലിസിലിക്ക് ആസിഡ് നൽകിയെന്നും താരം ആരോപിക്കുന്നു
.
നീർക്കെട്ട് മാറാത്തതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിൽ ചകിത്സ തേടിയപ്പോഴാണ് റൂട്ട്കനാൽ നടത്തിയതിലെ പിഴവാണ് മുഖത്തെ നീർവീക്കത്തിന് കാരണമെന്ന് മനസിലാകുകയായിരുന്നു. പുതിയ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിക്കുന്നതായി താരം പറഞ്ഞു.