പൃഥ്വിരാജ് നായകനായെത്തുന്ന കടുവയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശി കോടതിയിൽ

പൃഥ്വിരാജ് നായകനായെത്തുന്ന കടുവ എന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശി കോടതിയിൽ സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. പാലക്കാരനായ കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ചിത്രം ജൂൺ 30 ന് റിലീസ് ചെയ്യാനിരിക്കെയാണ് മോഷണ ആരോപണവുമായി എച് മഹേഷ് കോടതിയെ സമീപിച്ചത്.

മാജിക് ഫ്രെയിംസിന്റെയും, പൃഥ്വിരാജ് പ്രൊഡക്ഷന്റെയും ബാനറിൽ സുപ്രിയ മേനോൻ,ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന് പുറമെ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും വേഷമിടുന്നുണ്ട്.

അതേസമയം സുരേഷ്‌ഗോപി നായകനായെത്തുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രവുമായും നേരത്തെ നിയമ പ്രശ്‌നം നേരിട്ടിരുന്നു. കുരുവിനാക്കുന്നേൽ കുറുവച്ചന്റെ കഥ പറയുന്ന ഒറ്റക്കൊമ്പന്റെ ചിത്രീകരണം തടയണമെന്ന് ആവിശ്യപ്പെട്ട് കടുവയുടെ അണിയറ പ്രവർത്തകർ നേരത്തെ കോടതിയെ സമീപിക്കുകയും ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന് മേൽവിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.