ജനങ്ങൾ ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ ആൾക്കാരെ രസിപ്പിക്കുന്നതിൽ അർത്ഥമുള്ളൂ: പ്രതികരണവുമായി ലക്ഷ്മിപ്രിയ

കൊറോണ വൈറസ് കേരളത്തിൽ പടരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സീരിയൽ താരം ലക്ഷ്മിപ്രിയ.
നിലവിലെ സാഹചര്യത്തിൽ ആളുകൾ കൂടുതലായി ഒത്തുകൂടാൻ സാധ്യതയുള്ളതിനാൽ നാടകങ്ങൾ, മെഗാ ഷോകൾ, ഗാനമേള തുടങ്ങിയ സർവവിധ കലാപരിപാടികളും തൽക്കാലത്തേക്ക് നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പും നിർദേശിച്ചിരുന്നു. ജനങ്ങൾ ആരോഗ്യത്തോടെയിരുന്നെങ്കിൽ മാത്രമേ ആൾക്കാരെ രസിപ്പിക്കുന്നതിൽ അർത്ഥമുള്ളൂവെന്നും അതുകൊണ്ട് തന്നെ ആളുകളുകൾ കൂടുന്ന ഇത്തരം പരിപാടികൾ തൽക്കാലത്തേക്ക് നിർത്തിവെയ്ക്കുന്നതിനോട് യോജിക്കുന്നുവെന്നും താരം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

നാടകങ്ങൾ, മെഗാ ഷോ, ഗാനമേള, കച്ചേരി തുടങ്ങി സർവ്വ വിധ കലാപരിപാടികളും നിർത്തി വയ്ക്കണം എന്നാണ് അറിയിപ്പ്. ജനങ്ങൾ ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ ആൾക്കാരെ രസിപ്പിക്കുന്നതിൽ അർത്ഥമുള്ളൂ… അതുകൊണ്ട് തന്നെ ആളുകൂടുന്ന ഇത്തരം പരിപാടികളെല്ലാം നിർത്തി വയ്ക്കണം എന്ന അഭിപ്രായം തന്നെ ആണ് എനിക്കും. എന്നാൽ മറ്റ് ഏതു ജോലി പോലെയുമല്ല കലാകാരന്റെ ജോലി. അതവന് ഉള്ളപ്പോൾ മാത്രമേ ഉള്ളൂ, ഇല്ലാത്തപ്പോൾ പട്ടിണിയും പരിവട്ടവും. ലീവ്, എടുത്താൽ, പ്രോഗ്രാം ക്യാൻസൽ ആയാൽ കുടുംബം പട്ടിണിയാവും. പ്രോഗ്രാമുകൾ എല്ലാം സീസണൽ ആണ്. ഉത്സവ കാലങ്ങളിൽ കിട്ടുന്നത് പിന്നീടങ്ങോട്ടും സൂക്ഷിച്ചു വച്ചുപയോഗിച്ചാലേ ജീവിക്കാൻ ആകൂ.

രണ്ടു വർഷമായി സ്റ്റേജ് പെർഫോമിംഗ് ആര്ടിസ്റ്റുകളുടെ സ്ഥിതി അത്ര മെച്ചമല്ല. കൃത്യമായി പറഞ്ഞാൽ നാം അതിജീവിച്ച ആദ്യത്തെ പ്രളയo മുതൽ. ഓണ പരിപാടികൾ മുഴുവൻ വെള്ളപ്പൊക്കം കൊണ്ടു പോയി. അടുത്ത സീസണിൽ രണ്ടാം പ്രളയം. ഇപ്പൊ ഉത്സവ സീസൺ ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ കോവിഡ് 19.കലാകാരൻ കയറെടുക്കേണ്ട അവസ്ഥ!!ഗവണ്മെന്റ് തീർച്ചയായും സ്റ്റേജ് കലാകാരൻ മാരുടെ കണ്ണുനീർ കാണണം. നഷ്ടപരിഹാരം എന്നൊന്നും ഞാൻ പറയില്ല, ജീവനേക്കാൾ വലിയ പരിഹാരം ഒന്നുമില്ല. എങ്കിലും എന്തെങ്കിലും ഒരു മാർഗം കാണണം എന്ന് അപേക്ഷിക്കുന്നു.., എന്ന് ലക്ഷ്മി പ്രിയ ഒപ്പ്