പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹൻലാൽ പോലും മനസിലാക്കിയത് ഈ വിധത്തിലാണെങ്കിൽ നമ്മുടെകാര്യം കഷ്ടംതന്നെ: ബെന്യാമിൻ എഴുതുന്നു

ജനതാ കർഫ്യൂവുമായി ബന്ധപ്പെട്ട് മോഹൻലാലിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യുകയാണ്. ഇന്ന് വൈകിട്ട് അഞ്ചു മണിയ്ക്ക് എല്ലാവരും കൈകൊട്ടുകയോ പാത്രത്തിൽ കൊട്ടി ശബ്ദമുണ്ടാക്കുകയോ ചെയ്‌താൽ അതിലൂടെ ബാക്റ്റീരിയ നശിച്ചു പോകുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഈ പരാമർശത്തിനെതിരെ നിരവധി ആളുകളാണ് രംഗത്തെത്തിയത്. പ്രധാനമന്ത്രി പറഞ്ഞ കാര്യം മോഹൻലാലു പോലും മനസിലാക്കിയത് ഇങ്ങനെയെങ്കിലും നമ്മുടെ കാര്യം കഷ്ടം തന്നെയെന്ന് എഴുത്തുകാരനായ ബെന്യാമിൻ പറയുന്നു. അദ്ധേഹത്തിന്റെ ഫേസ്ബുക്ക്‌ കുറിപ്പ് വായിക്കാം…

അതികാലത്തെ എഴുനേറ്റ് ടിവി കാണുന്ന പതിവൊന്നും ഇല്ല. എന്നാൽ ചില പ്രത്യക ദിനങ്ങളിൽ ഉണ്ട് താനും. ഇന്ന് കാലത്ത് ടിവി കണ്ടു. ഇന്നലെ മനോരമ ചാനലിൽ നിന്ന് വിളിച്ച് ജനത കർഫ്യു സംബന്ധിച്ച് ഒരു സന്ദേശം നൽകണം എന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവർ പറയുന്നത് എന്തൊക്കെ എന്നറിയാനാണ് ടിവി കണ്ടത്. എത്ര ലളിതവും മനോഹരവുമായ ഭാഷയിലാണ് ഇന്ദ്രൻസ് അത്‌ പറഞ്ഞത്. അത്‌ കഴിഞ്ഞ് വിളി പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അവർ മോഹൻ ലാലിനെ കണക്ട് ചെയ്യുന്നത്. എന്തുകൊണ്ടും ഈ ആശയം ജനങ്ങളിൽ എത്തിക്കാൻ എന്നേക്കാൾ ആയിരം മടങ്ങ് യോഗ്യനാണ് അദ്ദേഹം. കൂടുതൽ പ്രശസ്തരും ജനപ്രിയരും പറയുമ്പോഴാണ് ജനം കൂടുതൽ ശ്രദ്ധിക്കുക. (സമയ ദൗർലഭ്യം കാരണം പിന്നെ എന്നെ വിളിച്ചതുമില്ല )
പക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് അക്ഷരാർത്ഥത്തിൽ തരിച്ചിരുന്നുപോയി. പാത്രങ്ങൾ കൊട്ടുന്ന ശബ്ദത്തിൽ വൈറസ് ഇല്ലാതെ ആവുമെന്ന് !!

നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ കയ്യടിക്കുകയോ പാത്രങ്ങൾ കൊട്ടുകയോ മണി അടിക്കുകയോ ചെയ്യാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹൻ ലാൽ പോലും മനസിലാക്കിയത് ഈ വിധത്തിൽ ആണെങ്കിൽ നമ്മുടെ കാര്യം കഷ്ടം തന്നെ. ഇന്നത്തെ കർഫ്യുവോടെ വൈറസ്‌ മുഴുവൻ നശിച്ചു പോകും എന്ന് ധരിച്ചിരിക്കുന്ന ബഹുഭുരിപക്ഷം ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നു. എങ്കിൽ നാം അപകടത്തിലേക്കാണ് നീങ്ങുന്നത് നിശ്ചയം. ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും പറയുന്നത് ഇത്തിരി കൂടെ ശ്രദ്ധയോടെ കേൾക്കാൻ നാം തയ്യാറാവണം. വട്സപ്പ് യൂണിവേഴ്‌സിറ്റികളിൽ വിശ്വസിക്കാതെ ഇരിക്കുക. അണുവ്യാപനം ഒരു ദിവസം കൊണ്ട് പിടിച്ചു നിർത്തുവാൻ ആവില്ല. പാത്രം കൊട്ടുന്നത് അതിനുമല്ല. അടുത്ത രണ്ടാഴ്ച സുപ്രധാനം ആണ്. വീട്ടിലിരിപ്പും സാമൂഹിക അകലവും പാലിക്കുക, സ്വയം രക്ഷിക്കുക, നാടിനെ രക്ഷിക്കുക.