വീട്ടമ്മമാരുടെ കണ്ണീർ സീരിയലുകൾ ഇനി ഇല്ല; ഏപ്രിൽ ആദ്യവാരം മുതൽ സീരിയലുകൾ നിലയ്ക്കും

രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്തു ടെലിവിഷൻ സീരിയലുകളുടെ സംപ്രേക്ഷണം ഏപ്രിൽ ആദ്യം മുതൽ നിർത്തും. രാജ്യത്തു ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ സീരിയലുകൾ, റിയാലിറ്റി ഷോകൾ, തുടങ്ങിയ പരിപാടികളുടെ അവതരണം ഉണ്ടാകില്ലെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

മാർച്ച് 31 വരെ സീരിയലുകളുടെ ചിത്രീകരണം നിർത്തി വെയ്ക്കാൻ മലയാളം ടെലിവിഷൻ ഫ്രറ്റേർണിറ്റി തീരുമാനമെടുത്തിരുന്നു. പക്ഷെ മാർച്ച് 17 നു നടന്ന എസ്‌സിക്യൂട്ടീവ് മീറ്റിങ്ങിൽ മുന്കരുതലിന്റെ ഭാഗമായി മാർച്ച് 19 നകം എല്ലാ ടെലിവിഷൻ പരിപാടികളുടെയും ചിത്രീകരണം യുദ്ധകാല അടിസ്ഥാനത്തിൽ തീർക്കണമെന്നുള്ള തീരുമാനമെടുക്കുക ആയിരുന്നു. കൂടാതെ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയീസും ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഡയറക്ടെഴ്സും മാർച്ച് 19 മുതൽ 31 വരെ സിനിമകൾടെയും സീരിയലുകളുടെയും മറ്റും ഷൂട്ടിങ് നിർത്തി വെയ്ക്കാനുള്ള നിർദേശവുമായി സർക്കുലർ ഇറക്കിയിരുന്നു.

എന്നാൽ ഇതിനു പിറകെയാണ് രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇത് ചിത്രീകരണങ്ങൾക്കും തടസമായി മാറുകയുണ്ടായി. നിലവിൽ ഷൂട്ട് ചെയ്തിട്ടുള്ള എപ്പിസോഡുകൾ കഴിയുന്നതോടെ ഏപ്രിൽ ആദ്യത്തോടെ സംപ്രേക്ഷണം നിലയ്ക്കും. എന്നാൽ പഴയ എപ്പിസോഡുകൾ റീകാസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ടെന്നും പറയുന്നുണ്ട്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ദൂരദർശൻ ചാനലിൽ രാമായണവും മഹാഭാരതവും സംപ്രേക്ഷണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.