തിരുവനന്തപുരം : കാമുകനൊപ്പം ജീവിക്കാൻ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റിൽ തള്ളിയ കേസിൽ യുവതിയേയും കാമുകനേയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച് കോടതി. നെടുമങ്ങാട് സ്വദേശിനി മഞ്ജുഷ (39), കാമുകൻ കരിപ്പൂർ സ്വദേശി അനീഷ് (34) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷ കൂടാതെ മൂന്നര ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിയിൽ പറയുന്നു.
2019 ജൂണിലാണ് കേസിനാസപദമായ സംഭവം നടന്നത്. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു മീര (16) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ മഞ്ജുഷയും അനീഷും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെ കുറിച്ച് മീര അറിയുകയും ബന്ധത്തിൽ നിന്ന് പിന്മാറാൻ അമ്മയോട് മീര ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അനീഷുമായുള്ള ബന്ധത്തിന് മകൾ തടസമായപ്പോഴാണ് മകളെ കൊലപ്പെടുത്താൻ മഞ്ജുഷയും അനീഷും ചേർന്ന് പദ്ധതിയിട്ടത്. മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം താമസിച്ചിരുന്ന മീര അമ്മയുടെ വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്. തുടർന്ന് മീരയുടെ മൃതദേഹം ഇരുവരും ചേർന്ന് ബൈക്കിൽ കയറ്റി കരിപ്പൂർ കാരാന്തയിലുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ പൊട്ടകിണറ്റിൽ ഇട്ടതിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.
അതേസമയം മീര ഒളിച്ചോടി പോയെന്നും അവളെ അന്വേഷിക്കാൻ തമിഴ്‌നാട്ടിലേക്ക് പോകുകയാണെന്നും സമീപവാസികളെ പറഞ്ഞ് ധരിപ്പിച്ചതിന് ശേഷമാണ് ഇരുവരും തമിഴ്‌നാട്ടിലേക്ക് കടന്നത്.
English Summary : daughter murdered by mother and lover