ഇന്ന് ഡിസംബർ 16, ഇന്ത്യയുടെ അഭിമാനമായ വിജയ് ദിവസ്. 1971-ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ ഉപാധിയില്ലാതെ ഇന്ത്യയ്ക്ക് മുമ്പിൽ പാകിസ്താൻ മുട്ടുമടക്കിയ ദിവസത്തിന്റെ വാർഷികമാണ് ഇന്ന്
ഇന്ന് ഈസ്റ്റേൺ കമാൻഡ് ആസ്ഥാനത്ത് നടക്കുന്ന വിജയ് ദിവസ് ആഘോഷങ്ങളിൽ ബംഗ്ലാദേശിൽ നിന്നുള്ള പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് ഇന്ത്യൻ ആർമി വൃത്തങ്ങൾ അറിയിച്ചു.
1971ലെ യുദ്ധത്തിൽ പാക്കിസ്ഥാൻ സേനയ്‌ക്കെതിരായ ഇന്ത്യയുടെ ചരിത്രവിജയത്തെയും അതിൻ്റെ ഫലമായി കിഴക്കൻ പാക്കിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് രൂപീകരിച്ചതിന്റെയും ഓർമ്മക്കായി ഡിസംബർ 16 വിജയ് ദിവസായി ആഘോഷിക്കുന്നു.
ഇന്ത്യൻ സായുധ സേനയുടെ ധീരതയും ധൈര്യവും അടയാളപ്പെടുത്തുന്നു ഈ വിജയ് ദിവസ്. ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിന്റെ പിറവി കൂടിയാണ് 51 വർഷം മുമ്പ് ഈ യുദ്ധവിജയത്തിലൂടെ നടന്നത്.
പാകിസ്താൻ ഭരണകൂടത്തിനെതിരെ കിഴക്കൻ മേഖലയിൽ തുടങ്ങിയ മനുഷ്യവകാശ പ്രക്ഷോഭമാണ് പിന്നീട് ഇന്ത്യാ-പാക് യുദ്ധത്തിന് വഴിമാറുന്നത് .ജനറൽ ജഗ്ജിത് സിങ് അറോറയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സേന പാകിസ്താനെ നേരിട്ടു. ഇന്ത്യയുടെ കരുത്തിന് പിന്നിൽ പിടിച്ച് നിൽക്കാൻ പാക്കിസ്ഥാന് എറെ നാൾ സാധിച്ചില്ല. പാക് സൈനിക മേധാവി ജനറൽ ആമിർ അബ്ദുല്ല ഖാൻ നിയാസിയും 93,000 സൈനികരുമാണ് യുദ്ധം നിർത്തിവെച്ച് ഇന്ത്യൻ സൈനികർക്ക് മുമ്പിൽ കീഴടങ്ങി.അതായത് ഉപാധിയില്ലാതെ ഇന്ത്യയ്ക്ക് മുമ്പിൽ പാകിസ്താൻ മുട്ടുമടക്കിയ ദിവസമായിരുന്നു ഡിസംബർ 16.
13 ദിവസം കൊണ്ടാണ് പാക്കിസ്ഥാൻ അടിയറവ് പറഞ്ഞത്. 1971 ഡിസംബർ 3-ന് ഇന്ത്യയുടെ 11 എയർബേസുകളെ പാകിസ്താൻ ആക്രമിച്ചതോട യുദ്ധം ആരംഭിച്ചു. ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകൾ ഒരുമിച്ച് ആയിരുന്നു പാക്കിസ്ഥാൻ ഹുങ്കിനെ നേരിട്ടത്. യുദ്ധത്തിൽ പടിഞ്ഞാറൻ പാകിസ്താനിലെ 15,010 കിലോമീറ്റർ പ്രദേശം ഇന്ത്യൻ സേന പിടിച്ചെടുത്തു.1971 ഡിസംബർ 3 മുതൽ 16 ന് ധാക്ക കീഴടങ്ങുന്നത് വരെ യുദ്ധം നീണ്ടു. ധാക്ക ഇപ്പോൾ സ്വതന്ത്ര രാഷ്ട്രത്തിന്റെ, ബംഗ്ലാദേശിന്റെ തലസ്ഥാനമാണ്.
1971 ലെ പഴയ കിഴക്കൻ പാകിസ്ഥാന്റെ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായിരുന്ന ബംഗ്ലാദേശി സ്വാതന്ത്ര്യ സമര സേനാനികളും ബംഗ്ലാദേശ് പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടേക്കാമെന്നാണ് പ്രതിരോധവൃത്തങ്ങൾ അറിയിക്കുന്നത്.
ഈ വർഷത്തെ വിജയ് ദിവസ് ആഘോഷങ്ങളിൽ പുഷ്പാർച്ചന, സൈനിക ടാറ്റൂ, കൊൽക്കത്തയിലെ ഫോർട്ട് വില്യമിലെ ഈസ്റ്റേൺ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സിൽ 1971 ലെ യുദ്ധ സേനാനികളുമായുള്ള ആശയവിനിമയം എന്നിവ ഉൾപ്പെടുത്തുമെന്ന് അറിയിച്ചു.
ചിത്രം :1971ലെ യുദ്ധത്തില്‍ പരാജയപ്പെട്ട പാകിസ്ഥാന്‍ ലെഫ.ജനറല്‍ നിയാസി ഭാരതത്തിന്റെ ലെഫ. ജനറല്‍ അറോറയുടെ മുന്‍പാകെ ഉടമ്പടിയില്‍ ഒപ്പുവയ്‌ക്കുന്നു