കള്ളം പറഞ്ഞ് ലൊക്കേഷനിൽ എത്തിക്കും, സിനിമയോടുള്ള ആത്മാർത്ഥ കാരണം അതൊക്കെ അനുസരിച്ചിരുന്നു ; ദുരനുഭവം വെളിപ്പെടുത്തി ശരണ്യ ആനന്ദ്

പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് മിനിസ്‌ക്രിനിൽ എത്തിയ താരമാണ് നടിയും മോഡലുമായ ശരണ്യ ആനന്ദ്. തമിഴ് ചലച്ചിത്ര മേഖലയിൽ തുടക്കം കുറിച്ചുകൊണ്ടായിരുന്നു താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോഡേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരം 2017 മുതൽ സിനിമമേഖലയിൽ സജീവമായി. ചുരുക്കം ചില സിനിമകളിൽ മാത്രം സഹനടിയായി അഭിനയിച്ച് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചു.

അഭിനയത്തിന് പുറമെ സിനിമാ കൊറിയോഗ്രാഫി മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചു. ആമേൻ എന്ന ചിത്രത്തിൻറെ കൊറിയോഗ്രാഫി നിർവ്വഹിച്ച താരത്തിനെ തേടി നിരവധി അവസരങ്ങളുമെത്തി. അച്ചായൻസ്, ചങ്ക്‌സ്, ചാണക്യതന്ത്രം, ആകാശമിട്ടായി, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ശരണ്യ നിരവധി ടെലിവിഷൻ പാരമ്പരകളിലും അഭിനയിച്ചു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പാരമ്പരയിൽ വേദിക എന്ന കഥാപാത്രത്തെയാണ് താരം ഇപ്പോൾ അവതരിപ്പിക്കുന്നത്.

മനേഷ് രാജൻ നായരുമായി 2020 ൽ വിവാഹിതയായ താരം തുടർന്നും അഭിനയ രംഗത്ത് സജീവമാണ്. ഇപ്പോഴിത ഷൂട്ടിംഗ് ലൊക്കേഷനിൽ തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നമ്മുടെ അടുത്ത് വന്ന് സിനിമയിലെ കഥയും കഥാപാത്രത്തെ കുറിച്ചും നല്ലരീതിയിൽ ആയിരിക്കും അവതരിപ്പിക്കുക എന്നാൽ ലൊക്കേഷനിൽ എത്തുമ്പോഴാണ് അതിന്റെ സത്യാവസ്ഥ മനസിലാകുന്നത് പലരും കള്ളം പറഞ്ഞിട്ടൊക്കെ ആയിരിക്കും തങ്ങളെ അവർ ഉദ്ദേശിച്ച കഥാപാത്രത്തിലേക്ക് എത്തിക്കുന്നത് സിനിമയോടുള്ള ആദരവും ആത്മാർത്ഥതയും കാരണം താൻ ആദ്യമൊക്ക ഒന്നും പറയാതെ അനുസരിക്കുമായിരുന്നു.

എന്നാൽ ഇപ്പോൾ തനിക്ക് അത് യോജിച്ചതല്ല തെറ്റാണെന്നു തോന്നുന്ന കാര്യം അപ്പോൾ തന്നെ വെട്ടിത്തുറന്നു പറയാറുണ്ടെന്നും താരം പറയുന്നു. ഇത്തരത്തിൽ നിരവധി കഥാപാത്രങ്ങൾ തെറ്റിദ്ധാരണയുടെ പുറത്ത് ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു. ആദ്യം നല്ല കഥാപാത്രമായി തോന്നിയത് കൊണ്ടാണ് പലതും കമ്മിറ്റ് ചെയ്യുന്നത് പക്ഷെ ഷൂട്ടിംഗ് തുടങ്ങിയാൽ പറഞ്ഞതുമായി ഒരു ബന്ധവും അതിന് കാണില്ല. പിന്നെ മനസില്ലാ മനസോടെയാണ് അതൊക്കെ ചെയ്ത് തീർക്കുന്നതെന്നും താരം പറയുന്നു.