ചൊവ്വ ദോഷം മാറാൻ പാദസ്വര പൂജ ; യുവതിയെ പറ്റിച്ച് മുങ്ങിയ ഫേസ്‌ബുക്ക് സുഹൃത്ത് അറസ്റ്റിൽ

അമ്പലപ്പുഴ : ചൊവ്വാദോഷം മാറുന്നതിനായി പാദസരം പൂജിക്കണമെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ട് പവൻ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി വണ്ടന്മേട് സ്വദേശി ശ്യാം കുമാർ (35) ആണ് അറസ്റ്റിലായത്. അമ്പലപ്പുഴ ഇൻസ്‌പെക്ടർ എസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

അഞ്ച് മാസങ്ങൾക്ക് മുൻപാണ് അമ്പലപ്പുഴ കരുമാടി സ്വദേശിനി ഫേസ്‌ബുക്കിലൂടെ ശ്യാം കുമാറിനെ പരിചയപ്പെടുന്നത്. യുവതിയുമായി സൗഹൃദം നടിച്ച ശ്യാം കുമാർ പിന്നീട് യുവതിയുടെ വീട്ടുകാരുമായി അടുപ്പമുണ്ടാക്കുകയും യുവതിയുടെ വിവാഹം നടക്കാത്തത് ചൊവ്വാദോഷം കാരണമാണെന്നും പറഞ്ഞ് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു. തുടർന്ന് ചൊവ്വ ദോഷം മാറുന്നതിനായി യുവതിയുടെ പാദസരം പൂജിക്കണമെന്നും പറഞ്ഞ് യുവതിയുടെ പാദസരവുമായി ബൈക്കിൽ കടന്ന് കളയുകയായിരുന്നു.

യുവാവ് പാദസരവുമായി മുങ്ങിയതിന് പിന്നാലെ യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ കട്ടപ്പനയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ഇയാൾ ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.