ആദ്യ മൂന്ന് ഓവറുകൾ കാണണമെന്ന പരിഹാസവുമായി പാകിസ്ഥാൻ ആരാധകർ : മറുപടിയുമായി ഗൂഗിൾ സിഇഒ

വാഷിംഗ്‌ടൺ : ട്വന്റി ട്വന്റി ലോകകപ്പിൽ പാകിസ്താനെ തോൽപ്പിച്ച ഇന്ത്യൻ ടീമിനെ പ്രശംസിച്ച് കൊണ്ട് നിരവധി പ്രമുഖർ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റുകൾ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. അതിൽ പ്രധാനിയായിരുന്നു ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പാകിസ്ഥാനെതിരായ മത്സരത്തിൽ അവസാന ഓവറുകളിൽ നിറഞ്ഞാടിയ ഇന്ത്യൻ ബാറ്റ്‌സ്മാൻമാരെ കണ്ടാണ് താൻ ദീപാവലി ആഘോഷിച്ചതെന്നായിരുന്നു സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തത്.

ഇന്ത്യയുടെ അവസാനത്തെ മൂന്ന് ഓവറുകൾ താൻ വീണ്ടും കണ്ട് കൊണ്ടാണ് ദീപാവലി ആഘോഷിച്ചതെന്ന സുന്ദർ പിച്ചയുടെ ട്വീറ്റിന് ആദ്യ മൂന്ന് ഓവറുകൾ കാണണം എന്നായിരുന്നു പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകരുടെ പരിഹാസം. ആദ്യ മൂന്ന് ഓവറുകളിൽ ഇന്ത്യയുടെ മൂന്ന് ബാറ്റർമാർ ചെറിയ സ്കോറിന് പുറത്തായിരുന്നു. എന്നാൽ പാകിസ്ഥാൻ ആരാധകർക്ക് സുന്ദർ പിച്ചൈ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ആദ്യ മൂന്ന് ഓവറുകൾ കണ്ടെന്നും ഭുവനേശ്വർ കുമാറിന്റെയും അർശ്ദീപ് സിങ്ങിന്റെയു പ്രകടനം മികച്ചതായിരുന്നെന്നും സുന്ദർ പിച്ചൈ പാകിസ്ഥാൻ ആരാധകരുടെ പരിഹാസത്തിന് മറുപടി നൽകി. നിമിഷ നേരം കൊണ്ടാണ് ഗൂഗിൾ സിഇഒ യുടെ മറുപടി വൈറലായത്.