ചികിത്സ തേടി തന്റെയടുത്തു എത്തിയാൾ പറഞ്ഞത് കള്ളമാണെങ്കിൽ ഒരുപാട് പേരുടെ ലൈഫ് അറ്റ് റിസ്ക്കാണ്: ഞെട്ടിപ്പിക്കുന്ന ഡോക്ടറുടെ കുറിപ്പ്

ഖത്തറിൽ നിന്നും നാട്ടിലെത്തിയ ആൾ പനിക്ക് ചികിത്സയ്ക്കായി തന്റെ അടുത്തെത്തുകയും എന്നാൽ സംശയം തോന്നുകയും തുടർന്ന് നാട്ടിലെത്തിയ തീയതി പറഞ്ഞതിൽ പന്തികേട് തോന്നിയ സംഭവവുമായിൽ ബന്ധപ്പെട്ട് ഡോ ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ചികിത്സ തേടിയ രോഗി കുടുംബത്തോടൊപ്പം ഡൽഹിയിലും ആഗ്രയിലും മറ്റുമായി ഫ്ലൈറ്റിൽ ടൂർ പോയിരുന്നതായും, എന്നാൽ അഡ്രെസ്സ് ചോദിച്ചപ്പോൾ സ്ഥലവും വീട്ടുപേരും മാത്രമാണ് പറഞ്ഞതെന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. നാട്ടിലെത്തിയ കാര്യം ആരോഗ്യ വകുപ്പിനെ അറിയിച്ചുട്ടുണ്ടോയെന്നു ചോദിച്ചപ്പോൾ മറുപടി ഇല്ലെന്ന് ആണെന്നും, സംശയത്തെ തുടർന്ന് കാര്യങ്ങൾ ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നുവെന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ഖത്തറിൽ നിന്ന് നാട്ടിൽ വന്ന ഒരാൾ ഇന്ന് വൈകിട്ട് ആറു മണിക്ക് ക്ലിനിക്കിൽ വന്നു. കടുത്ത പനിയുണ്ട്. 101 ഡിഗ്രി. രണ്ടു ദിവസം മുൻപ് അയാൾ ഏതോ സർക്കാർ ആശുപത്രിയിൽ പോയിരുന്നു എന്നു പറഞ്ഞു. എന്നാണ് നാട്ടിൽ വന്നതെന്ന് ഞാൻ ചോദിച്ചു. അയാളുടെ ഭാര്യ പറഞ്ഞു “ഫെബ്രുവരി 30” അയാൾ പറഞ്ഞു “അല്ല ജനുവരി 30”. “ഫെബ്രുവരി 30” ആ തീയതി പറഞ്ഞതിൽ സംശയം തോന്നി. ഇഞ്ചക്ഷൻ എടുത്തു പനി വേഗം കുറയുമെന്ന് കരുതിയാണത്രേ അയാൾ കാണിക്കുവാൻ വന്നത്. ഇഞ്ചക്ഷൻ എടുത്തു പനി മാറില്ലെന്ന് ഞാൻ പറഞ്ഞു.

നിങ്ങൾ ആരോഗ്യവകുപ്പിൽ ഖത്തറിൽ നിന്ന് വന്ന വിവരം അറിയിച്ചോ? ഇല്ല എന്ന് മറുപടി. അവർ കുറച്ചു ദിവസം മുൻപ് ഫ്ലൈറ്റിൽ ഡൽഹിയിലും ആഗ്രയിലും ടൂറും പോയിരുന്നതായി പറഞ്ഞു. ഒ. പി. യിൽ പാതി കിളി പോയെങ്കിലും. അഡ്രസ്‌ ചോദിച്ചപ്പോൾ ആകെ സ്ഥലവും വീട്ടു പേരും പറഞ്ഞു. കൂടുതൽ ഒന്നും അയാൾ പറഞ്ഞില്ല. ഞാൻ പറഞ്ഞെങ്കിലും അയാൾക്ക് ആരോഗ്യ വകുപ്പിൽ അറിയിക്കുവാൻ ഇപ്പോഴും താൽപര്യമില്ല
നാളെ ഫ്ലൈറ്റ് ഉണ്ടെന്നും പറഞ്ഞു. ഫോൺ നമ്പർ തന്നില്ല. അയാൾ ഒ.പി ചീട്ടും എടുത്തു എന്തോ പന്തികേട് തോന്നിയ പോലെ ഇറങ്ങി പോയി. കിട്ടിയത് അയാൾ വന്ന വണ്ടി നമ്പർ ആണ്.

ഞാനിത് എഴുതുന്നത് അയാൾ പറഞ്ഞ തീയതി “ജനുവരി 30” സത്യമാണോ എന്ന് സംശയം ഉള്ളത് കൊണ്ടാണ്. 30 ശെരിയാണെങ്കിൽ 28 ദിവസം കഴിഞ്ഞു. പേടിക്കേണ്ടത് ഉണ്ടാകില്ല. അത് കള്ളമാണെങ്കിൽ ഒരുപാട് പേരുടെ ലൈഫ് അറ്റ്‌ റിസ്ക്കാണ്. അയാൾ പോയ സർക്കാർ ആശുപത്രിയിൽ അയാൾ ഇതൊന്നും പറഞ്ഞിട്ടില്ല. അവടെ ഉണ്ടായിരുന്നവർ മുതൽ അയാൾ സഞ്ചരിച്ച വഴികളിൽ ഒക്കെ എത്ര പേർ. ഞാൻ അതിൽ ഒരാൾ മാത്രം. നാലു മണിക്കൂറായി ടെൻഷനുണ്ട്. എന്തായാലും എല്ലാം കൂടി ആരോഗ്യവകുപ്പിൽ കൊടുത്തിട്ടുണ്ട്. അയാൾ നാളെ ഖത്തറിൽ പോകും മുൻപ് വേണ്ട നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഒരുപാട് പേരുടെ ജീവന് അപകടമുണ്ടോ എന്ന് സംശയം എനിക്കുള്ളത് കൊണ്ട് ഇതിവിടെ എഴുതുന്നു.

ഇത്ര മാത്രമേ ഉറപ്പ് വരുത്തേണ്ടത് ഉള്ളു. അയാൾ നാട്ടിൽ വന്നത് ജനുവരി 30 ആണോ? അതുകൊണ്ട് എനിക്കിത്രയെ പറയുവാനുള്ളു. എല്ലാ ആരോഗ്യ പ്രവർത്തകരും ജനങ്ങളും ജാഗ്രത പാലിക്കുക. മാസ്‌ക്ക് മറ്റും പ്രതിരോധ നടപടികൾ സ്വീകരിക്കുക.എത്ര പേർ ഇതുപോലെ (പത്തനംതിട്ടയിൽ മൂന്ന് പേർ ചെയ്തത് പോലെ) ആരോഗ്യവകുപ്പിനെ അറിയിക്കാതെ കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് വന്ന് കൈയ്യും വീശി നടക്കുന്നുണ്ടാകും? അറിയില്ല. ഭയമുണ്ട്. അതുകൊണ്ട് നാം ജാഗ്രത പാലിക്കുക.