കോവിഡ് 19: ചൈനയിലെ വിത്തുകോശ ചികിത്സ ഫലം കണ്ടതായി റിപ്പോർട്ടുകൾ

കൊറോണ വൈറസ് ബാധിച്ചവർക്ക് വിത്തുകോശ ചികിത്സ ഫലപ്രദമാകുന്നുവെന്നു റിപ്പോർട്ടുകൾ. കോവിഡ് 19 ബാധിച്ചു ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നാല് പേരിൽ വിത്തുകോശ ചികിത്സ നടത്തിയതിനെ തുടർന്ന് അസുഖം ഭേദമായതായി പറയുന്നു. തുടർന്ന് കൂടുതൽ കൊറോണ ബാധിതരിൽ ഈ ചികിത്സാമാർഗം നടത്തുന്നുവെന്ന് സയൻസ് ആൻഡ് ടെക്‌നോളജി ഡെയിലി റിപ്പോർട്ട്‌ ചെയ്തു. പ്രസവസമയത്ത് പൊക്കിൽകൊടിയിൽ നിന്നും എടുക്കുന്ന മൂലകോശങ്ങൾക്ക് ശരീരത്തിലുള്ള ഏതു കോശങ്ങളുമായും മാറാനുള്ള കഴിവുണ്ട്. ഇത്തരം കോശങ്ങൾ സ്റ്റം സെൽ ബാങ്കുകളിലാണ് സൂക്ഷിക്കുന്നത്.

നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും അടിസ്ഥാനമെന്ന് പറയുന്നത് (മൂലകോശം) വിത്ത്കോശമാണ്. രോഗങ്ങൾ ബാധിച്ചിട്ടുള്ള നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ രോഗാവസ്ഥയെ മാറ്റാനുള്ള കഴിവ് ഇത്തരം വിത്തുകോശങ്ങൾക്കുണ്ട്. ഇത്തരത്തിൽ രോഗങ്ങൾ ബാധിച്ച ശരീരത്തിലെ ഭാഗങ്ങളിൽ പുതിയ കോശങ്ങൾ ഉണ്ടാക്കുകയും അസുഖങ്ങൾ ഭേദമാക്കുകയും ചെയ്യുന്ന ചികിത്സരീതിയാണ് മൂലകോശ ചികിത്സ. കാൻസർ, ഹൃദ്രോഹം, പാർക്കിൻസൺസ്, പ്രമേഹം, തലച്ചോറിലെ മുഴകൾ, കരൾ രോഗങ്ങൾ, നാഡീരോഗങ്ങൾ, കണ്ണ് സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് വിത്തുകോശ ചികിത്സ അഥവാ മൂലകോശ ചികിത്സ നടത്താറുണ്ട്.

ഇത്തരത്തിൽ കോവിഡ് 19 രോഗാണുക്കൾക്കെതിരെ വിത്തുകോശ ചികിത്സ നടത്തിയത് ഫലം കണ്ടതായാണ് ചൈനയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. കോവിഡ് 19 ബാധിച്ച നാല് പേരിൽ ഈ ചികിത്സ ഗുണം കണ്ടെന്നാണ് പറയുന്നത്. ഇത്തരത്തിൽ കൂടുതൽ പേരിൽ ചികിത്സ നടത്തുമെന്ന് ചൈനീസ് ശാസ്ത്ര സാങ്കേതികവിദ്യ സഹമന്ത്രി നാന്പിങ് പറഞ്ഞു. H7N9 പക്ഷിപ്പനി ഉണ്ടായ സമയത്ത് മൂലകോശ ചികിത്സ വിജയകരമായി നടത്തിയിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു