അടുപ്പമല്ല, പരമാവധി അകലമാണ് ഇതിനെ നേരിടാനുള്ള ഏകവഴി. വാട്ട്സ്ആപ്പ് ഡോക്റ്റർമാരല്ല നമ്മെ രക്ഷിക്കേണ്ടത്. ഭരണക്കാരുടെ വാചകമടികളുമല്ല. സ്വയം ഒളിക്കുക, രണ്ടാഴ്ചത്തേക്കെങ്കിലും; റെജികുമാർ എഴുതുന്നു

കൊറോണ വൈറസ് പടരുന്ന സാഹര്യത്തിൽ നമ്മൾ ഒന്നിച്ചു നിന്നല്ല പരമാവധി അകലം പാലിച്ചാണ് ഇതിനെ നേരിടേണ്ടത്. വാട്സ്ആപ് ഡോക്ടർമാരല്ല നമ്മളെ രക്ഷിക്കേണ്ടത്. ഭരണക്കാരുടെ വാചകമടികളുമല്ല സ്വയം ഒളിക്കുക, രണ്ടാഴ്ചത്തേക്കെങ്കിലും. നല്ല പുസ്തകങ്ങൾ വായിക്കുക, നല്ല സിനിമകൾ കാണുക, കുട്ടികളെ പാചകം പഠിപ്പിക്കുക, വീട്ടിലെ ശീലങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കുക. അതിനുള്ള മികച്ച അവസരം കൂടിയാണിത്. കൊറോണ വൈറസിനെ പ്രതോരോധിക്കേണ്ട ചില പൊതുവായ രീതികളും ഈ സമയം നമ്മൾ പാലിക്കണ്ട ചില കാര്യങ്ങളും വിശദീകരിച്ചു കൊണ്ട് മുതിർന്ന മാധ്യമ പ്രവർത്തകനായ റെജികുമാർ എഴുതുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

പേടിക്കണം, ഒറ്റപ്പെടണം. ജാഗ്രത മാത്രം പോരാ… പേടി വേണ്ടാ, ഭീതി വേണ്ടാ, ഭയം വേണ്ടാ, കരുതലും ജാഗ്രതയും മതി, നമ്മളൊന്നിച്ച് നേരിടും തുടങ്ങിയ വാചകമടികൾ ആരും ഇനി വിശ്വസിക്കേണ്ടതില്ല.
പേടി വേണം, ഭീതിയും ഭയവും വേണം, കരുതലും ജാഗ്രതയും മാത്രം പോരാ. നമ്മളൊന്നിച്ചു നേരിടാനും പറ്റില്ല. ഇത് ഉറക്കെയുറക്കെ പറയണം. ഒന്നിച്ചല്ല ഒറ്റയ്ക്കാണ് ഇതിനെ നേരിടേണ്ടത്. ഓരോരുത്തരും സ്വയം തീരുമിക്കണം. മറ്റൊരാളുമായി ബന്ധമരുത്, സ്പർശമരുത്, സഹവാസവുമരുത്. എത്ര അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായാലും തത്കാലത്തേക്ക് ഇടപഴകൽ വേണ്ടാ. വീടുകൾ സന്ദർശനം, ആരാധനാലയങ്ങളിലേക്കുള്ള പോക്ക്, കൂട്ടപ്രാർഥനകൾ, കുടുംബയോഗങ്ങൾ, കല്യാണ-മരണ വീട് സന്ദർശനം, വീട്ടിലേക്ക് അതിഥികളെ ക്ഷണിക്കൽ… ഒന്നും വേണ്ടാ.

പ്രളയത്തെ നമ്മൾ കെട്ടിപ്പിടിച്ചു നിന്നു പ്രതിരോധിച്ചു എന്നൊക്കെ വീമ്പുപറയുന്നുണ്ട്. കൊറോണയെ കെട്ടിപ്പിടിച്ചല്ല, രണ്ടുകൈ അകലത്തിൽ ആളുകളെ അകറ്റിനിർത്തിയാണു പ്രതിരോധിക്കേണ്ടത്. പറ്റുമെങ്കിൽ വീട്ടിൽത്തന്നെ രണ്ടാഴ്ച കഴിഞ്ഞുകൂടുക. ബാഹ്യലോകവുമായി യാതൊരു സമ്പർക്കവും പുലർത്താതിരിക്കുക. സാഹചര്യം മോശമായാൽ കടകളെല്ലാം അടയ്ക്കപ്പെടും, വാഹനഗതാഗതം നിലയ്ക്കും. അതിനാൽ, പറ്റുമെങ്കിൽ ഇന്നുതന്നെ അവശ്യസാധനങ്ങൾ, രണ്ടാഴ്ചത്തേക്കെങ്കിലുമുള്ളത്, വാങ്ങിവയ്ക്കുക.
അരി, ഗോതമ്പുപൊടി, കപ്പ, കാച്ചിൽ, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, സവാള, പച്ചഏത്തക്കായ, ഉണക്കമീൻ, തേങ്ങ, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തൈര്, കോവയ്ക്ക, പച്ചമാങ്ങ, ക്യാരറ്റ്, പ്ലെയ്ൻ നൂഡിൽസ്, പുട്ടുപൊടി, എണ്ണ, ഉപ്പ്, പഞ്ചസാര, പാൽപ്പൊടി, തേയില, കാപ്പിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി… അങ്ങനെ കേടാകാതെ ഒരുമാസം വരെയിരിക്കുന്ന സകലമാന സാധനങ്ങളും വാങ്ങിവയ്ക്കുക.
പിന്നെ, ഫിനോയിൽ, ഡെറ്റോൾ, ബ്ലീച്ചിങ് പൗഡർ, സോപ്പുകൾ, സോപ്പുപൊടികൾ, പട്ടി-പൂച്ച തുടങ്ങിയവരെ കുളിപ്പിക്കാനുള്ള സോപ്പുകൾ തുടങ്ങിയവ.

ഇനി, പ്രതിരോധത്തിനായി തൊട്ടടുത്ത ഹോമിയോ, ആയുർവേദ ഡോക്റ്റർമാരെ സമീപിക്കുക. അവർ തരുന്ന പ്രതിരോധ മരുന്നുകൾ കൃത്യമായി വീട്ടിലുള്ള എല്ലാവരും കഴിക്കുക. പേടിക്കേണ്ടതു തന്നെയാണ് സാഹചര്യം എന്നാണു സൂചനകൾ. സംഗതി കൈവിട്ടുപോകില്ല എന്ന് ഉറപ്പുപറയാറായിട്ടില്ല. മുൻകരുതൽ അത്യാവശ്യമാണ്. ജാഗ്രത, കരുതൽ എന്നൊക്കെയുള്ള വാക്കുകൾ കേട്ട് ഒട്ടും ലാഘവത്തോടെ ജീവിക്കരുത്. നമ്മളൊന്നിച്ചു നേരിടാൻ പറ്റിയ ഒരു സാധനമല്ല ഇത്. നമ്മളൊന്നിച്ചു നിന്നിട്ട് ഒന്നും ചെയ്യാൻ പറ്റില്ല. ഒന്നിച്ചുനിൽക്കാനും സഹാനുഭൂതി കാട്ടാനും പാടില്ല. സംശയമുള്ളവരെപ്പറ്റിയുള്ള വിവരങ്ങൾ ഉടനടി ആരോഗ്യപ്രവർത്തകരെ അറിയിക്കണം. അടുപ്പമല്ല, പരമാവധി അകലമാണ് ഇതിനെ നേരിടാനുള്ള ഏകവഴി. വാട്ട്സ്ആപ്പ് ഡോക്റ്റർമാരല്ല നമ്മെ രക്ഷിക്കേണ്ടത്. ഭരണക്കാരുടെ വാചകമടികളുമല്ല. സ്വയം ഒളിക്കുക, രണ്ടാഴ്ചത്തേക്കെങ്കിലും. നല്ല പുസ്കകങ്ങൾ വായിക്കുക, നല്ല സിനിമകൾ കാണുക, കുട്ടികളെ പാചകം പഠിപ്പിക്കുക, വീട്ടിലെ ശീലങ്ങൾ അവർക്കു പറഞ്ഞുകൊടുക്കുക. അതിനുള്ള മികച്ച അവസരം കൂടിയാണിത്.

ചിത്രം: Medical team at work in the Embassy at Rome, Italy, collecting samples of Indian nationals for testing COVID-19