കോവിഡ് 19: ഇറ്റലിയിൽ മരണം 5476 ആയി ഉയർന്നു

കൊറോണ വൈറസ് പടരുന്നതിനെ തുടർന്ന് ഇറ്റലിയിൽ 5476 പേർ മരിച്ചു. എന്നാൽ ഞായറാഴ്ച മരിച്ചവരുടെ എണ്ണത്തിൽ മുൻദിവസത്തെക്കാൾ ഗണ്യമായ രീതിയിലുള്ള കുറവുണ്ട്. ശനിയാഴ്ച 793 പേരാണ് മരിച്ചത്. വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ഇറ്റലിയിൽ ആഭ്യന്തര യാത്രകൾക്കും മറ്റും ശക്തമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ യു എസിനോട് ഇറ്റലി സഹായവും അഭ്യര്ഥിച്ചിട്ടുണ്ട്. മാസ്ക്, വെന്റിലേറ്റർ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ അമേരിക്കയോട് ഇറ്റലി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ അറുപത്തിനായിരത്തിൽ അധികം പേർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. അമേരിക്കയിലും മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനുള്ളിൽ നൂറിലധികം പേർ അമേരിക്കയിൽ മരണപ്പെട്ടു. കൂടുതൽ മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തത് ന്യൂയോർക്ക്, വാഷിങ്ടൺ, കാലിഫോർണിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ്. കൂടാതെ ഫ്രാൻ‌സിൽ മരിച്ചവരുടെ എണ്ണം 674 ആയി. 16018 പേർക്ക് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. ലോകമാകമാനം വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്ന്ലക്ഷമായി ഉയർന്നു. 14000 ത്തിൽ അധികം ആളുകൾ മരണപ്പെട്ടിട്ടുണ്ട്.