കൊറോണയ്ക്കെതിരെ രാജ്യത്തെ ഗ്രാമങ്ങൾ സധൈര്യത്തോടെ പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: രാജ്യത്ത് കൊറോണാ വൈറസിനെ തടയുന്നതിനുവേണ്ടി പുതിയ സന്ദേശവും പാഠവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ എന്ന മഹാവ്യാധി മുന്നിൽ ഇന്ത്യ കീഴടങ്ങുക ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പഞ്ചായത്ത്‌ ദിനത്തോട് അനുബന്ധിച്ചു രാജ്യത്ത് ആകമാനമുള്ള പഞ്ചയാളുകളെ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ -ഗ്രാം സ്വരാജ് ആപ്പും പോർട്ടലും പ്രധാനമന്ത്രി പുറത്തിറക്കി.

രാജ്യത്തെ ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ ഡിജിറ്റൽ രീതിയിലാക്കുവാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള പുതിയ സംവിധാനം കൊണ്ടുവന്നത്. കൂടാതെ രാജ്യത്തെ ഒന്നേകാൽ ലക്ഷം പഞ്ചായത്തുകളിൽ ബ്രോഡ് ബാൻഡ് കണെക്ഷൻ എത്തിക്കാൻ സാധിച്ചുവെന്നും അത് കൊണ്ട് തന്നെ വീഡിയോ കോൺഫെറൻസ് വഴി ജനങ്ങളെ സംവാദിക്കുവാൻ ആയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഗ്രാമപഞ്ചായത്തുകളും, ജില്ലകളും, സംസ്ഥാനങ്ങളുമെല്ലാം സ്വയം പര്യാപ്തമാക്കണമെന്നും അതിലൂടെ മാത്രമേ രാജ്യം സ്വയം പര്യാപ്തതയിലേക്ക് എത്തി ചേരാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രാജ്യത്തെ ഗ്രാമങ്ങൾ സധൈര്യത്തോടെ കൂടി ഈ മഹാമാരിയ്ക്കെതിരെ പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.