പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഉത്തരവിറക്കി കേന്ദ്രസർക്കാർ

ഡൽഹി: വിദേശത്തു വെച്ച് മരണപ്പെട്ട പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് വേണ്ടി പുതിയ ഉത്തരവുമായി കേന്ദ്രസർക്കാർ. വിദേശകാര്യ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും അനുമതിയോടെ മൃതദേഹം നാട്ടിലേക്ക് എത്തിയ്ക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ദിവസങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ ഉടൻ തന്നെ നാട്ടിലെത്തിക്കാൻ സാധിക്കും.

കൊറോണ രോഗം ബാധിച്ചു മരിച്ചവരുടെ മൃതദേഹം കൊണ്ട് വരില്ല. അത്തരക്കാരുടെ മൃതദേഹം ഏറ്റവും അടുത്തുള്ള പ്രദേശത്തു തന്നെ സംസ്കരിക്കുകയാണ് ചെയ്യാറുള്ളത്. കൂടാതെ വിദേശത്തു നിന്നും നാട്ടിലേക്ക് വരാൻ പറ്റാതെ കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനു വേണ്ടിയുള്ള നടപടി ക്രമങ്ങളും സർക്കാർ ആലോചിക്കുന്നുണ്ട്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ്‌ ഗൗബെ രാജ്യത്തെ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരുമായി ഇത് സംബന്ധിച്ച് ഉള്ള കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വിദേശത്ത് നിന്നും കൊണ്ടുവരുന്നവരെ പ്രത്യേകം നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുള്ള സംവിധാനവും ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.