പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് റേഷനും ഇന്ധനവുമില്ല: വ്യത്യസ്ത നിലപാടുമായി ഗോവ സർക്കാർ

കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിര്ബന്ധമാക്കിയിരിക്കുകയാണ്. ഇതിനു പിന്നാലെ വ്യത്യസ്ത നിലപാടുമായി ഗോവ സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. മാസ്ക് ധരിക്കാത്തവർക്ക് റേഷനും വാഹനങ്ങളിൽ ഇന്ധനവും ലഭിക്കുകയില്ല. ഇത് സംബന്ധിച്ച് ഉള്ള തീരുമാനം ഗോവ സർക്കാർ എടുത്തു കഴിഞ്ഞു. സിജെഎഫ്‌ സെക്രട്ടറി പരിമൾ റായിയുടെ അധ്യക്ഷതയിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

കൊറോണ വൈറസ് സംസ്ഥാനത്ത് പടരാതിരിക്കുവാൻ വേണ്ടിയുള്ള പ്രതിരോധ നടപടികൾ ഊര്ജിതമാക്കികൊണ്ടിരിക്കുകയാണ് ഗോവ സർക്കാർ. ജനങ്ങൾ സർക്കാരിന്റെ ഈ നിർദേശം കർശനമായി പാലിക്കുന്നതിന് വേണ്ടി “നോ മാസ്ക് നോ പെട്രോൾ’ “നോ മാസ്ക് നോ റേഷൻ” ക്യാമ്പയിൻ തുടങ്ങുന്നതിനു വേണ്ടി സിവിൽ സപ്ലൈസ് ഡയറക്ടർക്ക് നിർദേശവും നൽകിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച 1000 ത്തോളം പേർക്ക് പിഴയീടാക്കിയതായും യോഗത്തിൽ ഐജി ജസ്പാൽ വ്യക്തമാക്കി.