പ്രവാസികൾക്ക് വ്യാഴാഴ്ച മുതൽ നാട്ടിലേക്ക് മടങ്ങാം: വിശദാംശങ്ങളുമായി കേന്ദ്രസർക്കാർ

ഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് തങ്ങളുടെ രാജ്യത്തേക്ക് മടങ്ങി വരാനാകാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുവാനുള്ള തയ്യാറെടുപ്പുമായി കേന്ദ്രസർക്കാർ. മെയ് 7 മുതൽ പ്രവാസികൾ രാജ്യത്തേക്ക് മടങ്ങി വരാൻ തുടങ്ങും. ഇത് സംബന്ധിച്ചു കേന്ദ്രസർക്കാർ നിർദേശം നൽകി. അടിയന്തിരമായി ചികിത്സ വേണ്ടവർ ഗർഭിണികൾ തുടങ്ങിയവർക്കാകും ആദ്യപടിയായി മുൻഗണന നൽകുക.

ഇവരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി വിമാനങ്ങളും നാവികസേനയുടെ കപ്പലുകളും സന്നദ്ധരാകാൻ കേന്ദ്ര നിർദ്ദേശവുമുണ്ട്. ഇതിന്റെ ഭാഗമായി നാട്ടിലേക്ക് വരുന്നവരുടെ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. മടങ്ങി വരുന്നവർ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സേതു ആപ്പ് മൊബൈലിൽ ഡൌൺലോഡ് ചെയ്യണം. നാട്ടിലെത്തിയാൽ നിർബന്ധമായും 14 ദിവസം ക്വറന്റിനിൽ കഴിയണം. ഇതിനു ശേഷം കോവിഡ് പരിശോധനയും നടത്തും. കൊറോണയുടെ ലക്ഷണങ്ങൾ ഇല്ലാത്തവർക്കാണ് അനുമതിയുള്ളത്.