മാധ്യമ പ്രവർത്തകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: സംഭവത്തിൽ രാഷ്ട്രീയ നേതാവ് പിടിയിൽ

മാധ്യമ പ്രവർത്തകയായ 28 കാരിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റിസ്വാന തബസും എന്ന യുവതിയെയാണ് വാരണാസിയിലെ ഹർപാൽപൂരിലെ ഭവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും കണ്ടുകിട്ടിയ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സമാജ്വാദി പാർട്ടി നേതാവായ ഷമീം നൊമാനിയെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണം ഷമീം ആണെന്ന് ആത്മഹത്യാ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൂങ്ങി മരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിൽ കുറെയേറെ കാലങ്ങളായി സുഹൃത്തുക്കളായിരുന്നുവെന്നും പറയുന്നു. ഇന്നലെ റിസ്വാനയുടെ വീട്ടുകാർ മുറിയുടെ പുറത്തു നിന്നും വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി വാതിൽ തുറന്നപ്പോളാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ റിസ്വാനയെ കണ്ടത്.