കോവിഡ് മരണ നിരക്കുകൾ കേന്ദ്രസർക്കാർ തെറ്റായ രീതിയിലാണ് റിപ്പോർട്ട് ചെയ്യുന്നത്: രാഹുൽഗാന്ധി

ഡൽഹി: രാജ്യത്ത് കോവിഡ് മരണ നിരക്കുകൾ തെറ്റായ രീതിയിലാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ബിജെപിയുടെ നുണകൾ സ്ഥാപനവൽക്കരിക്കപ്പെട്ടതിന് ഇന്ത്യ വലിയ വില നൽകേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു. മരണങ്ങൾ തെറ്റായ രീതിയിൽ റിപ്പോർട്ട് ചെയ്യുകയും കോവിഡ് പരിശോധനകൾ നിയന്ത്രിക്കുകയും ചെയ്തു. ചൈനീസ് കടന്നുകയറ്റത്തിൽ മാധ്യമങ്ങളെ ഭയപ്പെടുത്തിയെന്നും ജിഡിപി പുതിയ രീതിയിൽ നിർണയിച്ചുവെന്നും ഇത്തരം ധാരണകൾ ഉടൻതന്നെ തകരുമെന്നും ഇന്ത്യ വലിയ വില നൽകേണ്ടി വരുമെന്നുമാണ് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പറയുന്നത്.

ഇന്ത്യയിൽ നിലവിൽ കോവിഡ് രോഗികളുടെ എണ്ണം പത്തുലക്ഷം കടക്കുമ്പോൾ മരണത്തിന്റെ കാര്യത്തിൽ ദുരൂഹമാണെന്നും രാഹുൽഗാന്ധി പറയുന്നു. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടിനൊപ്പം ചേർത്തുകൊണ്ടാണ് രാഹുൽ ഇക്കാര്യം പറയുന്നത്. ജിഡിപിയിലുള്ള യഥാർത്ഥ ഇടിവിനെ മറച്ചു പിടിക്കുന്നതിനുവേണ്ടി സർക്കാർ പുതിയ രീതിയിലാണ് ജിഡിപി കണക്കുകൂട്ടുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. ചൈനീസ് കടന്നുകയറ്റം റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ മാധ്യമങ്ങളെ കേന്ദ്രസർക്കാർ ഭയപ്പെടുത്തുകയാണെന്ന് രാഹുൽ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു