ട്രെയിൻ യാത്രക്കിടയിൽ യുവാവിന്റെ മോഷണം പോയ പേഴ്സ് 14 വർഷങ്ങൾക്ക് ശേഷം തിരികെ ലഭിച്ചു ; സംഭവം ഇങ്ങനെ

മുംബൈ: ട്രെയിൻ യാത്രക്കിടയിൽ യുവാവിന്റെ നഷ്ടപ്പെട്ട പേഴ്സ് തിരികെ ലഭിച്ചത് 14 വർഷങ്ങൾക്ക് ശേഷം. പതിനാല് വർഷങ്ങൾക്കു മുമ്പ് 2006 ൽ മുംബൈയിലാണ് സംഭവം നടന്നത്. ഈ വർഷം ഏപ്രിലിലാണ് പേഴ്സ് തിരികെ ലഭിച്ച വിവരം റെയിൽവേ പോലീസ് അറിയിച്ചത്. 2006 ൽ ചത്രപതി ശിവജി മഹാരാജ് ടെർമിനസ് – പനവേൽ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഹേമന്ത് പഡൽക്കർ എന്നയാളുടെ പേഴ്സ് നഷ്ടപ്പെടുകയായിരുന്നു. പേഴ്സിൽ 900 രൂപയും ഉണ്ടായിരുന്നു.

2020 ഏപ്രിൽ പേഴ്സ് തിരികെ ലഭിച്ചെന്നുള്ള സന്ദേശം റെയിൽവേ അധികൃതർ ഉടമയായ ഹേമന്ദിനെ അറിയിക്കുകയായിരുന്നു. എന്നാൽ ഏപ്രിൽ മാസം കോവിഡ് പ്രതിസന്ധി മൂലം പേഴ്‌സ് കൈപ്പറ്റാൻ സാധിക്കാതിരുന്ന ഹേമന്ത്‌ പിന്നീട് പണമടങ്ങിയ പേഴ്സ് കൈപറ്റുകയായിരുന്നു. നിരോധിച്ച 500 രൂപ നോട്ടടക്കം 900 രൂപയാണ് പേഴ്സിൽ ഉണ്ടായിരുന്നത്. 300 രൂപ തിരികെ നൽകുകയും 100 രൂപ സ്റ്റാമ്പ് പേപ്പർ ജോലികൾക്കായി ഈടാക്കുകയും ചെയ്തു. എന്നാൽ നിരോധിച്ച നോട്ട് മാറ്റി വാങ്ങിയതിനു ശേഷം ബാക്കി തുക തിരികെനൽകുമെന്നും പേഴ്സ് മോഷണം നടത്തിയ ആളെ അറസ്റ്റ് ചെയ്തതായും പോലീസ് അധികൃതർ അറിയിച്ചു. തന്റെ പേഴ്സും പണവും തിരികെ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഹേമന്ത് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു