മൃഗശാലയിൽ അണലി 33 പാമ്പിൻ കുഞ്ഞുങ്ങളെ പ്രസവിച്ചു

കോയമ്പത്തൂർ: മൃഗശാലയിൽ അണലി 33 പാമ്പിൻ കുഞ്ഞുങ്ങളെ പ്രസവിച്ചു. കോയമ്പത്തൂർ നഗരത്തിലെ വി.ഒ.സി പാർക്ക് കാഴ്ച്ച ബംഗ്ലാവിലാണ് അണലി 33 കുഞ്ഞുങ്ങളെ രണ്ടു ദിവസം മുൻപ് പ്രസവിച്ചത്. നിലവിൽ കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചമാണെന്നും തുടർന്ന് ആനക്കട്ടി വനംവകുപ്പിന് കൈമാറിയതായും കാഴ്ചബംഗ്ലാവ് ഡയറക്ടർ സെന്തിൽ നാഥൻ അറിയിച്ചു. വനങ്ങളിൽ എല്ലാ പാമ്പുകൾക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം കുറവാണെന്നും മറ്റു മൃഗങ്ങൾ ഭക്ഷണമാക്കാനുള്ള സാധ്യതയും വളരെയധികം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

വർഷങ്ങൾക്കു മുമ്പ് ഇതേ രീതിയിൽ ഈ കാഴ്ചബംഗ്ലാവിൽ മറ്റൊരു പാമ്പ് 60 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നതായും അദ്ദേഹം പറയുന്നു. നിലവിൽ കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് മൃഗശാല അടച്ചിട്ടിരിക്കുകയാണ്. ആറുമാസം കാലത്തിലാണ് അണലി ഗർഭധാരണം നടത്തുന്നത്. മുട്ടയുടെ രൂപത്തിൽ പുറത്തു വരുന്ന കുഞ്ഞുങ്ങൾ തോടുപോലുള്ള ആവരണം ഭേദിച്ചുകൊണ്ട് കുഞ്ഞുങ്ങൾ പുറത്തു വരികയാണ് ചെയ്യുന്നത്. അതേസമയം 60 കുഞ്ഞുങ്ങളെ വരെ അണലിയ്ക്ക് ഒരുസമയം പ്രസവിക്കാൻ കഴിയുമെന്നുള്ളത് മറ്റു പാമ്പുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു.

അഭിപ്രായം രേഖപ്പെടുത്തു