കോൺഗ്രസ് നേതൃത്വത്തെ പൊളിച്ച് പണിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോണിയാഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്

ഡൽഹി: കോൺഗ്രസ് പാർട്ടിയിൽ സമഗ്രമായ മാറ്റവും അഴിച്ചുപണിയും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പ്രവർത്തകസമിതി യോഗം ചേരാനിരിക്കെയാണ് സോണിയ ഗാന്ധിക്ക് കത്ത് അയച്ചിരിക്കുന്നത്. പൂർണ്ണ സമയ നേതൃത്വം വേണമെന്ന് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ മുന്നോട്ടുവച്ചു കൊണ്ട് 23 മുതിർന്ന നേതാക്കളാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. കത്തയച്ചവരിൽ 5 മുൻമുഖ്യമന്ത്രിമാരും കോൺഗ്രസ് പ്രവർത്തക സമിതിയിലെ അംഗങ്ങളും എംപിമാരും അടക്കമുള്ളവരാണ്.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ കേന്ദ്രമന്ത്രിമാരായ കപിൽ സിബിൽ, മനീഷ് തിവാരി, ആനന്ദ് ശർമ, ഭൂപീന്ദർസിംഗ്, ശശി തരൂർ, അജയ് സിംഗ്, രേണുകാ ചൗധരി, പിജെ കുര്യൻ തുടങ്ങിയ നേതാക്കളും അസംതൃപ്തി പ്രകടിപ്പിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാരിന് നേരിട്ട് പരാജയം സത്യസന്ധമായ രീതിയിൽ വിലയിരുത്തിയിട്ടില്ലെന്നും കൂടാതെ എ ഐ സി സിയും പിസിസി ഓഫീസുകളിലും മുഴുവൻ സമയവും നേതാക്കൾ സ്വതന്ത്ര തിരഞ്ഞെടുപ്പ് രീതി ഉറപ്പുവരുത്തുന്ന ബോഡി, പാർട്ടിയുടെ ഭരണഘടന അനുസരിച്ച് മാത്രം വർക്കിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് തുടങ്ങിയ ആവശ്യങ്ങളും കത്തിൽ മുന്നോട്ട് വെച്ചിട്ടുണ്ട്.

രാജ്യത്തെ യുവാക്കൾ നരേന്ദ്രമോദിയ്ക്കാണ് വോട്ട് ചെയ്യുന്നതെന്നും ബിജെപി അതിലൂടെ വലിയ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും കോൺഗ്രസിന്റെ അടിത്തറ ഇതിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുയാണെന്നും അത് യുവ നേതാക്കളെ ആത്മവിശ്വാസം തകർക്കുന്ന തരത്തിലാണ്. ഇതിന്റെ ഗൗരവം മനസ്സിലാക്കണമെന്ന് കത്തിൽ പറയുന്നു. പ്രധാനമായും പാർട്ടിക്ക് മുഴുവൻസമയ നേതൃത്വം ഉണ്ടാകണമെന്നുള്ള ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയെ മുന്നോട്ട് നയിക്കുന്നതിനായി നേതാക്കളെ തെരഞ്ഞെടുക്കുന്ന പുതിയ രീതി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

അഭിപ്രായം രേഖപ്പെടുത്തു