മികച്ച പ്രവർത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് വയനാട് കളക്ടർ ഡോക്ടർ അദീല അബ്ദുള്ള

വയനാട്: രാജ്യത്തെ പിന്നോക്ക ജില്ലകളുടെ പട്ടികയിൽ ഉൾപ്പെടുന്ന വയനാട് ജില്ലയുടെ പൊതു വികസന ആരോഗ്യ പ്രതിരോധ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്ത് കൊണ്ടുള്ള മികച്ച പ്രവർത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് വയനാട് കളക്ടർ ഡോക്ടർ അദീല അബ്ദുള്ള. രാജ്യത്ത് 12 കളക്ടർമാർ ഉൾപ്പെടുന്ന ചുരുക്കപ്പട്ടികയിൽ ആണ് അദീല അബ്ദുള്ള സ്ഥാനം പിടിച്ചിരിക്കുന്നത്. അദീലയെ കൂടാതെ ദക്ഷിണേന്ത്യയിൽ നിന്നും 5 കളക്ടർമാർ കൂടി പട്ടികയിൽ പെട്ടിട്ടുണ്ട്. സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങളെ മുൻനിർത്തി കൊണ്ടാണ് പുരസ്കാരത്തിനുള്ള പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പുരസ്കാരജേതാവിനെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള രണ്ടാംഘട്ട മൂല്യനിർണയം സെപ്റ്റംബർ 11 ന് നടക്കും. ഇതിന്റെ ഭാഗമായി കളക്ടർമാർ 15 മിനിറ്റ് നീണ്ടുനിൽക്കുന്ന പവർ പോയിന്റ് അവതരണം നടത്തേണ്ട ആവശ്യകതയും ഉണ്ട്. 2012 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ് മുപ്പത്തിനാലുകാരിയായ അദീല അബ്ദുള്ള. കോഴിക്കോട് കുറ്റിയാടി സ്വദേശിയാണ് അദീല. 2019 നവംബറിലാണ് വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റത്. കർണ്ണാടകയുടെയും തമിഴ്നാടിന്റെയും അതിർത്തി പ്രദേശങ്ങൾ പങ്കിടുന്ന ജില്ല കൂടിയാണ് വയനാട്.

ആയതിനാൽ മുത്തങ്ങ വഴി കൂടുതൽ മലയാളികൾ കടന്നുപോകുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് കണ്ടുകൊണ്ട് കളക്ടറുടെ നേതൃത്വത്തിൽ വ്യത്യസ്തമായ രീതിയിലുള്ള പ്രതിരോധ നടപടികളും മേഖലയിൽ കൈക്കൊണ്ടിരുന്നു. ആദിവാസികൾ കൂടുതൽ താമസിക്കുന്ന ജില്ല ആയതിനാലും മുൻഗണന വിഷയങ്ങൾക്ക് പ്രാധാന്യം നൽകുകയും ക്ഷേമ പ്രവർത്തനങ്ങൾക്ക് കളക്ടർ നേതൃത്വം നൽകുകയും ചെയ്തിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു