തമിഴ്‌നാട്ടിലെ ഇടത്തരം ബ്രാഹ്മിൺ കുടുംബത്തിൽ ജനിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റായ കമലാ ദേവിയുടെ ജീവിതം ഇങ്ങനെ

അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ ഇന്ത്യക്ക് അഭിമാന നേട്ടം. യു എസ് രാഷ്ട്രീയത്തിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ഡെമോക്രറ്റിക് പാർട്ടിയിലൂടെ അധികാരത്തിലെത്തിയ ജോ ബൈഡൻ മന്ത്രി സഭയിലെ വൈസ് പ്രെസിഡന്റാണ്‌ ഇനി ഇന്തോ അമേരിക്കൻ വംശജയായ കമല ഹാരിസ്. യുഎസ് രാഷ്ട്രീയത്തിൽ ഇതുവരെയും ഒരു വനിത പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ല എന്നതും കമല ഹാരിസിന്റെ നേട്ടമാണ്. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിച്ച മൂന്നാമത്തെ വനിതയാണ് കമല ഹാരിസ്.

തമിഴ്നാട് സ്വദേശിയായ അമ്മയുടെയും ജമൈക്കൻ സ്വദേശിയായ അച്ഛന്റെയും മകളായ കമല നിലവിൽ കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററാണ്. ഫലപ്രഖ്യാപനത്തിനു ശേഷം ജോബ് ബൈഡനോട്,”നമ്മൾ അത് നേടി” എന്ന് പറയുന്ന ഒരു വിഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കമല ഹാരിസ് പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് ആ വിഡിയോ കണ്ടത്. യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെതിരായ മത്സരത്തിൽ ആഫ്രോ അമേരിക്കൻ വംശജരുടെയും ഇന്ത്യൻ പാരമ്പര്യമുള്ള അമേരിക്കക്കാരുടെയും നിർണായക പങ്കു വോട്ടിലൂടെ പ്രതിഫലിച്ചതാണ് അമേരിക്ക കണ്ടത്. പ്രസിഡന്റ്‌ സ്ഥാനാര്ഥി പട്ടികയിൽ കമല ഹാരിസ് ഉൾപെട്ടിരുന്നെങ്കിലും പിന്നീട് ജോ ബൈഡനു പിന്തുണ നൽകികൊണ്ട് പിന്മാറുകയായിരുന്നു. അധിക്ഷേപാർഹ നിലപാട് ആയിരുന്നു കമല ഹാരിസിന്റെ സ്ഥാനാര്ഥിത്വത്തിൽ ട്രംപിന് ഉണ്ടായിരുന്നത് ഇതെല്ലാം മറികടന്നാണ് ഈ അഭിമാന നേട്ടം കമല ഹാരിസ് നേടിയത്.

കമല ഹാരിസിന്റെ ജീവിത വഴികൾ….
കലിഫോർണിയയിലെ ഓക്‌ലൻഡിൽ 1964 ഒക്ടോബർ 20നാണ് കമല ദേവി ഹാരിസ് ജനിച്ചത്. അമ്മ ശ്യാമള ഗോപാലൻ അച്ഛൻ ജമൈക്കൻ വംശജനായ ഡോനാൾഡ് ജെ ഹാരിസ്. കമലയ്ക്ക് ഏഴുവയസ്സ് ഉള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിയുന്നത്. 12 മത്തെ വയസ്സിൽ കുടുംബ സമേതം കാനഡയിലെ ക്യുബെക്കിലെ മോൺട്രിയലിലേക്ക് താമസം മാറി. അവിടെവച്ചാണ് കമലയുടെ ഉള്ളിലെ രാഷ്ട്രീയ മനസ്സ് ഉണരു ന്നത്. അയൽപക്കത്തുള്ള കുട്ടികൾ സ്വന്തം കെട്ടിടത്തിനു മുന്നിലുള്ള പുൽത്തകിടിയിൽ കളിക്കുന്നതു വിലക്കിയ കെട്ടിട ഉടമയ്ക്കെതിരെ കൗമാരക്കാരിയായ കമല പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിനു ശേഷം വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കമല അമേരിക്കയിലേക്ക് പോയി. ഹൊവാഡ് സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിഎ നേടിയതിനുശേഷം കാലിഫോർണിയ സർവകലാശാലയിൽ നിന്നും ലോയിൽ ബിരുദവും എടുത്തു. പഠിക്കുന്ന കാലത്ത് ലിബറൽ ആർട്സ് സ്റ്റുഡന്റ്സ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവർ അവിടുത്തെ ഡിബേറ്റ് സംഘത്തിലും ഉണ്ടായിരുന്നു. നിയമ ബിരുദത്തിനു ശേഷം 1990ൽ കലിഫോർണിയ സ്റ്റേറ്റ് ബാറിൽ അഭിഭാഷകയായി ചുമതലയേറ്റു. 1998ൽ സാൻഫ്രാൻസിസ്കോ ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫിസിലെ കരിയർ ക്രിമിനൽ യൂണിറ്റിന്റെ മാനേജിങ് അറ്റോർണിയായി.

2000 ൽ അതേ ഓഫിസിന്റെ കമ്യൂണിറ്റി ആൻഡ് നെയ്ബർഹുഡ് ഡിവിഷന്റെ മേധാവിയായി. ഈ കാലത്താണ് കലിഫോർണിയയുടെ ആദ്യ ബ്യൂറോ ഓഫ് ചിൽഡ്രൻസ് ജസ്റ്റിസ് സ്ഥാപിച്ചത്. നവംബർ 2010ൽ കാലിഫോർണിയ അറ്റോർണി ജനറൽ ആയി സ്ഥാനമേറ്റു. 2016ൽ കമല കാലിഫോർണിയ സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2019 ജനുവരി 21നു പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്ന് പ്രഖ്യാപിച്ചു. എന്നാൽ പിന്നീട് ജോബ് ബൈഡനു പിന്തുണ പ്രഖ്യാപിച്ചു ആ പത്രിക പിൻവലിച്ചു. അതിനു ശേഷം ജോബ് ബൈഡനാണ് വൈസ് പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള എല്ലാ കഴിവുകളും അവർക്കുണ്ടെന്നു ബൈഡൻ പറഞ്ഞിരുന്നു. അങ്ങനെ വൈസ് പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയം കണ്ടു. അഭിഭാഷകനായ ഡഗ്ലസ് എംഹോഫിനെയാണ് കമല വിവാഹം ചെയ്തത്. എംഹോഫിന്റെ മക്കളായ എല്ലയും കോളും തന്നെ ‘മോമല’ എന്ന് വിളിക്കുന്നതാണ് തനിക്കു ഇഷ്ടമെന്ന് നേരത്തെ കമല പറഞ്ഞിരുന്നു.