ജിഹാദികളെ സൃഷ്ടിക്കുന്നു ; ഖുർആനിലെ സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

മുംബൈ: ഇസ്ലാംമത വിശ്വാസികളുടെ മതഗ്രന്ഥമായ ഖുർആനിലെ സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. യുപി ഷിയ സെൻട്രൽ വഖഫ് ബോർഡ് മുന്‍ ചെയർമാൻ വസീം റിസ്വിയാണ് ഹർജി സമർപ്പിച്ചത്. ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് വസീം റിസ്വി സുപ്രീം കോടതിയെ സമീപിച്ചത്. ഖുറാനിലെ സൂക്തങ്ങൾ ജിഹാദികളെ സൃഷ്ടിക്കുന്നു എന്ന് കാണിച്ചാണ് റിസ്വി കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ വാക്യങ്ങൾ വിശുദ്ധ ഗ്രന്ഥത്തിൽ തിരുകിച്ചേർത്തതാണെന്നും തീവ്രവാദികൾ അടക്കം തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ ഇത് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

റിസ്വിയുടെ ഹർജിക്കെതിരെ ചില മുസ്‌ലിം സംഘടനകൾ രംഗത്ത് വന്നിരിക്കുകയാണ്. വസീം റിസ്വി നൽകിയ ഹർജി തള്ളിക്കളയണമെന്ന ആവശ്യവുമായി ചില സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഹർജിയാണിതെന്നും റദ്ദു ചെയ്യണമെന്നും സംഘടനകൾ ആവിശ്യപ്പെടുന്നു.