തന്നെ ചുംബിക്കാൻ ശ്രമിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു ; രാജ് കുന്ദ്രയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബോളിവുഡ് താരം ഷെർലിൻ ചോപ്ര

അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചതിന്റെ പേരിൽ അറസ്റ്റിലായ വ്യവസായിയും ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയ്‌ക്കെതിരെ പീഡന ആരോപണവുമായി ബോളിവുഡ് താരം ഷെർലിൻ ചോപ്ര രംഗത്ത്. അശ്ലീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിലാണ് ഷെർലിൻ ചോപ്ര രാജ് കുന്ദ്രയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.

2019 ലാണ് രാജ് കുന്ദ്ര തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് ഷെർലിൻ ചോപ്ര പറയുന്നു. ഒരു പ്രൊപ്പോസലിനെ കുറിച്ച് ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് രാജ് കുന്ദ്ര തന്റെ മാനേജരെ വിളിച്ചത്. തുടർന്ന് താൻ രാജ് കുന്ദ്രയെ ഒരു ഹോട്ടലിൽ വെച്ച് കാണുകയും സംസാരിക്കുകയും ചെയ്തു. എന്നാൽ പ്രപ്പോസൽ സംസാരിക്കാനായി വിളിച്ച രാജ് കുന്ദ്ര തന്നെ ചുംബിക്കാൻ ശ്രമിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ താൻ അയാളിൽ നിന്ന് രക്ഷപെട്ടു ഓടി ബാത്ത്റൂമിൽ കയറിയെന്നും ഷെർലിൻ നൽകിയ മൊഴിയിൽ പറയുന്നു.

വിവാഹിതനായ ഒരാളുമായി അത്തരത്തിലൊരു ബന്ധം താൻ ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാലാണ് രാജ് കുന്ദ്രയുടെ പെരുമാറ്റത്തോട് പ്രതികരിച്ചതെന്നും ഷെർലിൻ ചോപ്ര പറയുന്നു. ബിസിനസും മറ്റു കാര്യങ്ങളും കൂട്ടികുഴക്കാൻ താൻ ആഗ്രഹിക്കുന്നില്ല മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ശില്പ ഷെട്ടിയെ തനിക്ക് നല്ലപോലെ അറിയാമെന്നും ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ ഷെർലിൻ ചോപ്ര പറയുന്നു.