കടലിൽ ചാടിയ കാമുകിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കാമുകൻ മുങ്ങി മരിച്ചു

മംഗളൂരു : കടലിൽ ചാടിയ കാമുകിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കാമുകൻ മുങ്ങി മരിച്ചു. എലിയർപ്പടപ്പ് സ്വദേശി ലോയിഡ് (28) ആണ് മരിച്ചത്. കടലിൽ ചാടിയ കാമുകിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. സോമേശ്വര ബീച്ചിന് സമീപത്താണ് ലോയിഡ് മുങ്ങി മരിച്ചത്.

അതേസമയം ലോയിഡിന് രണ്ട് കാമുകിമാർ ഉണ്ടായിരുന്നതായും. ഇത് പരസ്പരം കാമുകിമാർ അറിഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നും പോലീസ് പറയുന്നു. അബുദാബിയിൽ ജോലി ചെയ്തിരുന്ന ലോയ്ഡ് കോവിഡ് പ്രതിസന്ധിമൂലമാണ് നാട്ടിലെത്തിയത്. നാട്ടിൽ എത്തി ഒരു വർഷത്തിന് ശേഷം ലോയ്ഡ് രണ്ട് പെൺകുട്ടികളെ പരിചയപ്പെടുകയും പ്രണയത്തിലാകുകയുമായിരുന്നു.

രണ്ട് പെൺകുട്ടികളും പരസ്പരം അറിയാതെയാണ് ലോയിഡ് ബന്ധം മുന്നോട്ട് കൊണ്ട് പോയിരുന്നത്. എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് കാമുകന് തന്നെ കൂടാതെ മറ്റൊരു കാമുകി കൂടിയുണ്ടെന്ന് ഒരു കാമുകി മനസിലാക്കുകയും ലോയിഡിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിൽ രണ്ടാമത്തെ കാമുകിയും ലോയിഡിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്ന് മനസിലാക്കി. തുടർന്ന് മൂന്ന് പേരും ത്രികോണ പ്രണയത്തിന്റെ പേരിൽ വഴക്കിടുകയും ചെയ്തു.

വഴക്ക് എന്നന്നേക്കുമായി അവസാനിപ്പിക്കാനായി ലോയിഡ് കാമുകിമാരെ രണ്ട് പേരെയും സോമേശ്വര ബീച്ചിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് സംസാരിക്കുന്നതിനിടയിൽ കാമുകിമാരിൽ ഒരാൾ ലോയിഡ് വഞ്ചിച്ചെന്ന് പറഞ്ഞ് കടലിലേക്ക് എടുത്ത് ചാടി. കാമുകിയെ രക്ഷിക്കാനായി ലോയിഡും പിന്നാലെ ചാടുകയായിരുന്നു. എന്നാൽ കാമുകിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ലോയിഡ് മുങ്ങി പോയി. ഇതൊക്കെ കണ്ട് നിൽക്കുകയായിരുന്ന കാമുകിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി. കടലിൽ മുങ്ങിപ്പോയ ലോയിഡിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രി നടപടികൾക്ക് ശേഷം ലോയിഡിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. സംഭവത്തിൽ ഉള്ളാൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടലിൽ ചാടിയ പെൺകുട്ടി ആശുപത്രിയിൽ ചികിത്‌സയിലാണെന്ന് മംഗളൂരു പോലീസ് കമ്മീഷണർ എൻ ശശികുമാർ മാധ്യമങ്ങളോട് പറഞ്ഞു.