അന്തിമ വിധി വരുന്നത് വരെ കർണാടകയിൽ ഹിജാബ് നിരോധനം തുടരുമെന്ന് കർണാടക ഹൈക്കോടതി

മംഗളുരു : അന്തിമ വിധി വരുന്നത് വരെ കർണാടകയിൽ ഹിജാബ് നിരോധനം തുടരുമെന്ന് കർണാടക ഹൈക്കോടതി. ഹിജാബ് വിഷയം വിവാദമായതോടെ യൂണിഫോം അല്ലാതെ മറ്റൊരു വസ്ത്രവും ഉപയോഗിക്കരുതെന്ന് കർണാടക സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇത് തുടരാനാണ് കോടതിയുടെ നിർദേശം.

ഉഡുപ്പി കോളേജിൽ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ കോളേജ് അധികൃതർ തടഞ്ഞ സംഭവത്തിൽ അഞ്ച് പെൺകുട്ടികൾ കോളേജ് അധികൃതരുടെ നടപടിയെ ചോദ്യം ചെയ്ത് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇസ്ലാമിന്റെ പ്രധാനപ്പെട്ട മത ആചാരമാണ് ഹിജാബെന്നും അത് ധരിക്കാൻ അനുവദിക്കണമെന്നും ആവിശ്യപെട്ടാണ് പെൺകുട്ടികൾ ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി ഉൾപ്പെട്ട മൂന്നംഗ ബഞ്ചാണ് വാദം കേട്ടത്.


മതാചാരപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന് നിർബന്ധം പിടിക്കരുതെന്നും, അടച്ചിട്ട കോളേജുകളും,സ്‌കൂളുകളും ഉടൻ തുറക്കണമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തുടരാനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.