ഹിജാബ് ധരിച്ച് ക്യാമ്പസിനകത്ത് അള്ളാഹ് അക്ബർ വിളികളുമായി പ്രതിഷേധിച്ച മുസ്കാൻ ഖാന് ഫാത്തിമ ഷെയ്ഖ് പുരസ്‌കാരം

കർണാടക : ഹിജാബ് ധരിച്ച് ക്യാമ്പസിനകത്ത് അള്ളാഹ് അക്ബർ വിളികളുമായി പ്രതിഷേധിച്ച മുസ്കാൻ ഖാന് ഫാത്തിമ ഷെയ്ഖ് പുരസ്‌കാരം. തമിഴ്നാട് മുസ്‌ലിം മുന്നേറ്റ കഴകമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് കർണാടക മാണ്ഡ്യ കോളേജിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. കാവി ഷോൾ അണിഞ്ഞെത്തിയ വിദ്യാർത്ഥികൾക്ക് മുന്നിലാണ് മുസ്കാൻ ഖാൻ അല്ലാഹു അക്ബർ എന്ന് വിളിച്ച് പ്രതിഷേധിച്ചത്.

ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളെ തട്ടിത്തെറിപ്പിക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ ഭയമില്ലാതെ ചെറുത്ത് നിന്നതിനും ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ അവകാശങ്ങൾക്കായി നില കൊണ്ടതിനുമാണ് മുസ്കാൻ ഖാന് പുരസ്കാരം നൽകുന്നതെന്ന് തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം വ്യക്തമാക്കി. രാജ്യത്തെ ആദ്യ മുസ്ലിം അധ്യാപികയായ ഫാത്തിമ ഷെയ്ഖിന്റെ പേരിലുള്ള പുരസ്‌കാരമാണ് മുസ്കാൻ ഖാന് നൽകുന്നതെന്നും തമിഴ്‌നാട് മുന്നേറ്റ കഴകം സംഘാടകർ അറിയിച്ചു.

ഹിജാബുമായി ബന്ധപ്പെട്ട് മുസ്കാൻ ഖാൻ കോളേജ് ക്യാമ്പസിൽ അല്ലാഹു അക്ബർ വിളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കാവി ഷാൾ അണിഞ്ഞ കുട്ടികൾക്ക് മുന്നിൽ ഒറ്റയ്ക്ക് നിന്നാണ് മുസ്കാൻ ഖാൻ പ്രതിഷേധിച്ചത്. ഇതിനിടയിൽ കോളേജ് അധികൃതർ ഇടപെട്ട് വിദ്യാർത്ഥികളെ തടയുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.