വൈറലാകാൻ മൂന്ന് മൂർഖൻ പാമ്പുകൾക്ക് മുന്നിൽ അഭ്യാസ പ്രകടനം, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ ; വീഡിയോ

ബെംഗളൂരു : സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ മൂന്ന് മൂർഖൻ പാമ്പുകളുടെ മുന്നിൽ അഭ്യാസപ്രകടനം നടത്തിയ യുവാവ് പാമ്പ് കടിയേറ്റ് ആശുപത്രിയിൽ. സിർസിയിൽ നിന്നുള്ള പാമ്പ് സ്നേഹിയും യൂട്യൂബറുമായ സെയ്ദിനാണ് പാമ്പ് കടിയേറ്റത്. സെയ്ദിനെ പാമ്പ് കടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

പത്തി വിടർത്തി നിൽക്കുന്ന മൂന്ന് മൂർഖൻ പാമ്പുകളെ ഇയാൾ പ്രകോപിപ്പിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടരെ തുടരെയുള്ള പ്രകോപനത്തിനൊടുവിലാണ് പാമ്പ് യുവാവിന്റെ കാലിൽ കടിക്കുന്നത്. പാമ്പ് കടിയേറ്റത്തിന് പിന്നാലെ പാമ്പിനെ എടുത്തുയർത്തിയെങ്കിലും പാമ്പ് കടി വിട്ടില്ല. തുടർന്ന് പണിപ്പെട്ട് പാമ്പിനെ മാറ്റിയ ശേഷം സെയ്ദിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.


സെയ്ദിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 46 കുപ്പി ആന്റിവെനമാണ് സെയ്ദിന്റെ ശരീരത്തിൽ കുത്തിവെച്ചത്. അതേസമയം അതി ഭയാനകമായാണ് മൂർഖൻ പാമ്പുമായി ഇയാൾ ഇടപഴകിയതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നു.