ഓടുന്ന ബസിൽ ബീയർ കുടിച്ച് ബഹളം വെച്ച് വിദ്യാർത്ഥിനികൾ ; ദൃശ്യങ്ങൾ വൈറലായതോടെ അന്വേഷണം നടത്താൻ പോലീസ്

ചെന്നൈ : പ്ലസ് ടു വിദ്യാർത്ഥിനികൾ ഓടുന്ന ബസിൽ ബീയർ കുടിച്ച് ബഹളംവെച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചു. ചെങ്കൽപെട്ട് ജില്ലയിലെ കളത്തൂർ ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനികളാണ് ഓടുന്ന ബസിൽ ബീയർ കുടിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തത്. വിദ്യാർത്ഥിനികൾ ബിയർ കുടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ചെങ്കൽപേട്ടിൽ നിന്ന് തച്ചൂരിലെക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം നടന്നത്. ഒരു പെൺകുട്ടി ബിയർ ബോട്ടിൽ ഓപ്പൺ ചെയ്ത് ഉയർത്തി കാണിക്കുകയും തുടർന്ന് കുടിക്കുകയും ചെയ്യുന്നു. പിന്നീട് മറ്റൊരു പെകുട്ടിക്ക് കൈമാറുന്നു. ഒന്നിന് പിറകെ ഒന്നായി നാലോളം പെൺകുട്ടികൾ ബിയർ കുടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

മറ്റ് യാത്രക്കാർ നോക്കി നിൽക്കെയാണ് വിദ്യാർത്ഥികൾ ബിയർ കുടിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തത്. വീഡിയോ വൈറലായതോടെ നിരവധി വിമർശനങ്ങളാണ് ഇതിനെതിരെ ഉയർന്നത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ സ്‌കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിൽ കുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടികളെ വിളിച്ച് വരുത്തി താക്കീത് നൽകാനാണ് അധ്യാപകരുടെ തീരുമാനം. അതേസമയം കുട്ടികൾക്ക് ബീയർ ലഭിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.