ഗ്യാൻവാപി മസ്ജിദിലെ കുളത്തിൽ നിന്നും ശിവലിംഗം കണ്ടെത്തിയതിന് പിന്നാലെ മസ്ജിദ് സീൽ ചെയ്യാൻ വാരണാസി ജില്ല കോടതി

ന്യുഡൽഹി : ഗ്യാൻവാപി മസ്ജിദിലെ കുളത്തിൽ നിന്നും ശിവലിംഗം കണ്ടെത്തിയതിന് പിന്നാലെ മസ്ജിദ് സീൽ ചെയ്യാൻ വാരണാസി ജില്ല കോടതി ഉത്തരവിട്ടു. ശിവക്ഷേത്രം തകർത്താണ് മസ്ജിദ് പണിതെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ സർവേയിലാണ് ശിവലിംഗം കണ്ടെത്തിയത്. സീൽ ചെയ്ത മസ്ജിദിന്റെ ഭാഗത്തേക്ക് ആരും കടക്കരുതെന്നും കോടതി നിര്ദേശിച്ചിട്ടുണ്ട്.

സാധാരണ മുസ്ലിം പള്ളികളിൽ കുളങ്ങൾ ഇല്ലെങ്കിലും ഗ്യാൻവാപി മസ്ജിദിന്റെ ഉൾവശത്ത് കുളമുണ്ട്. ഈ കുളം നിസ്കാരത്തിനായി വുളു ചെയ്യാനാണ് വിശ്വാസികൾ ഉപയോഗിച്ചിരുന്നത്. കുളത്തിലെ വെള്ളം വറ്റിച്ച് നടത്തിയ പരിശോധനയിലാണ് ശിവലിംഗം കണ്ടെത്തിയത്. ഹർജിക്കാരനായ സോഹൻലാൽ ആര്യ കുളത്തിൽ നിന്നും ശിവലിംഗം ലഭിച്ചതായി കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് കോടതി മസ്ജിദ് സീൽ ചെയ്തത്.

നേരത്തെ തന്നെ ശിവക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചതെന്ന വാദം ഉയർന്നിരുന്നു. കൂടാതെ പള്ളിയുടെ പുറക് വശത്തായി ശിവ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ നിലനിൽക്കുന്നുണ്ട്. അതേസമയം ക്ഷേത്രത്തിൽ നിന്നും കണ്ടെത്തിയത് ശിവലിംഗമല്ലെന്ന് പള്ളി കമ്മറ്റി പറയുന്നു. സർവേ നടപടി തടയണമെന്ന് ആവിശ്യപ്പെട്ട് പള്ളിക്കമ്മിറ്റി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.