ബിജെപിയിലേക്കോ ? അഭ്യൂഹങ്ങൾക്ക് വിരാമം ; നിലപാട് വ്യക്തമാക്കി ഹാർദിക്ക് പട്ടേൽ

അഹമ്മദാബാദ് : കോൺഗ്രസ്സിൽ നിന്നും രാജിവെച്ച ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ഹാർദിക്ക് പട്ടേൽ കോൺഗ്രസ്സിൽ നിന്നും രാജിവെച്ചതിന് പിന്നാലെ ബിജെപിയിൽ ചേരുമെന്ന് ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ ബിജെപിയിൽ ചേരാൻ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ മാധ്യമങ്ങളെ അറിയിക്കുമെന്നും ഹാർദിക്ക് പട്ടേൽ പറഞ്ഞു. ബിജെപിയിൽ ചേരുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗുജറാത്ത് കോൺഗ്രസ്സ് കുറെ നാളുകളായി തന്നെ അവഗണിക്കുകയാണെന്നും. പാർട്ടിയുടെ യോഗങ്ങൾക്ക് തന്നെ വിളിക്കാറില്ലെന്നുമുള്ള വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ഹാർദിക്ക് പട്ടേൽ കോൺഗ്രസ്സിൽ നിന്നും രാജിവെച്ചത്. ഗുജറാത്ത് കോൺഗ്രസ്സ് വർക്കിങ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു ഹാർദിക്ക് പട്ടേൽ.

പഞ്ചാബി ഗായകനും കോൺഗ്രസ്സ് നേതാവുമായ സിദ്ധു മൂസാവാല വെടിയേറ്റ് മരിച്ച സംഭവത്തിൽ പഞ്ചാബിലെ ആം ആദ്മി സർക്കാരിനെ ഹാർദിക്ക് പട്ടേൽ വിമർശിച്ചു. കോൺഗ്രസിനെ പോലെ പഞ്ചാബിന് വേദന നൽകുന്ന മറ്റൊരു പാർട്ടിയാകണോ അതോ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണോ എന്ന് ചിന്തിക്കണമെന്നും ഹാർദിക് പട്ടേൽ ട്വീറ്റ് ചെയ്തു.