പ്രവാചക നിന്ദയാരോപിച്ച് ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധിച്ച പ്രവാസികളെ ഉടൻ നാട് കടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി : പ്രവാചക നിന്ദയാരോപിച്ച് ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധിച്ച പ്രവാസികളെ ഉടൻ നാട് കടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. മലയാളികൾ ഉൾപ്പടെയുള്ളവർ ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ഫാഹേൽ ഏരിയയിൽ പ്രവാചക നിന്ദയാരോപിച്ച് പ്രതിഷേധം നടത്തിയിരുന്നു. ഇവരെയാണ് വിസ ക്യാൻസൽ ചെയ്ത് നാട് കടത്തുന്നത്.

വെള്ളിയാഴ്ച്ച ജുമാ നമസ്കാരത്തിന്ന് ശേഷമാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മലയാളികൾ ഉൾപ്പടെയുള്ള നിരവധി പ്രവാസികളാണ് ഇന്ത്യക്കതിരെ പ്രതിഷേധം ഉയർത്തിയത്. എന്നാൽ കുവൈറ്റിലെ നിയമം അനുസരിച്ച് പ്രവാസികൾക്ക് പ്രതിഷേധങ്ങളോ സമരങ്ങളോ നടത്താൻ അനുമതിയില്ല. നിയമം ലംഘിച്ച് പ്രകടനമോ പ്രതിഷേധമോ നടത്തിയാൽ നാട് കടത്തുന്നതുൾപ്പടെയുള്ള ശിക്ഷകളാണ് ലഭിക്കുക.

പ്രതിഷേധം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ അറസ്റ്റ് ചെയ്ത് നാട് കടത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്കെതിരെ പ്രവാസികൾ പ്രതിഷേധിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.