നിലപാടിൽ ഉറച്ച് മുന്നോട്ട് ; അഗ്നിപഥ് വേഗത്തിൽ നടപ്പിലാക്കാൻ സേനകൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ

ന്യുഡൽഹി : അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ. അഗ്നിപഥ് റിക്രൂട്ട്മെന്റുകൾ വേഗത്തിലാക്കാനുള്ള നടപടികൾ ആരംഭിക്കാൻ മൂന്ന് സേനകൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. ഇതുസംബന്ധിച്ച ചർച്ചകൾക്കായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ മൂന്ന് സേനാധിപന്മാരുടെ യോഗം വിളിച്ചിരിക്കുകയാണ്.

കര, നാവിക, വ്യോമ സേനകൾ റിക്രൂട്ട്മെന്റ് നടത്താനുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്. വ്യോമ സേനയിലേക്കുള്ള റിക്രൂട്ട്മെന്റ് ഈ മാസം 24 മുതൽ ആരംഭിക്കും. കൂടാതെ അഗ്നിപഥ് നെ കുറിച്ചുള്ള വിശദമായ മാർഗരേഖ വ്യോമസേന പുറത്തിറക്കി. റിക്രൂട്ട്മെന്റ് റാലികളിലൂടെയും ക്യാമ്പസ് ഇന്റർവ്യൂയിലൂടെയും റിക്രൂട്ട്മെന്റ് നടത്താനാണ് തീരുമാനം.

അതേസമയം കരസേനാ റിക്രൂട്മെന്റ് സംബന്ധിച്ച വിജ്ഞാപനം രണ്ട് ദിവസത്തിനകം പുറത്തിറക്കുമെന്ന് സേനാമേധാവി അറിയിച്ചു. അഗ്നിപഥ് ആദ്യ ബാച്ചിന്റെ പരിശീലനം ഡിസംബർ ആദ്യ വാരത്തോടെ ആരംഭിക്കും. അടുത്ത വർഷം പകുതിയോടെ സജീവ സൈനീക സേവനം ആരംഭിക്കും. യുവാക്കൾക്ക് സേനകളുടെ ഭാഗമാകാൻ ലഭിക്കുന്ന സുവർണാവസരമാണിതെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.