എംപി ആണെന്ന് പറഞ്ഞിട്ടും പോലീസ് ക്രൂരമായി വലിച്ചിഴച്ചു ; അഗ്നിപഥ് പ്രതിഷേധത്തിനിടെ എംഎ റഹീം അറസ്റ്റിൽ

ന്യുഡൽഹി : അഗ്നിപഥ് പദ്ധതിക്കെതിരെ പാർലമെന്റിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എംഎ റഹീം എംപി അറസ്റ്റിൽ. മാർച്ചിനിടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച റഹീം ഉൾപ്പടെയുള്ള ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജനാധിപത്യപരമായി നടത്തിയ പ്രതിഷേധത്തെ അടിച്ചമർത്താനാണ് പോലീസ് ശ്രമിച്ചതെന്ന് എംഎ റഹീം എംപി പ്രതികരിച്ചു.

നിഷ്ടൂരമായാണ് പോലീസ് പെരുമാറുന്നത്. തോറ്റ് പിന്മാറില്ലെന്നും ആയുധങ്ങളുമായി വന്നാൽ അതിനെയെല്ലാം ചെറുക്കാൻ വിദ്യാർത്ഥി യുവജങ്ങൾ മുന്നോട്ട് വരുമെന്നും എംഎ റഹീം പറഞ്ഞു. ഇന്ന് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജനാധിപത്യ വിരുദ്ധ നീക്കത്തെ ശക്തമായ ഭാഷയിൽ അപലപിക്കുകയാണെന്നും എംപി ആണെന്ന് പറഞ്ഞിട്ട് പോലും പോലീസ് ക്രൂരമായി വലിച്ചിഴയ്ക്കുകയാണ് ചെയ്‌തെന്നും റഹീം പറഞ്ഞു.

എംപി എന്ന നിലയിൽ പ്രതിഷേധിക്കുമ്പോൾ ജനാധിപത്യത്തിന്റെ കണിക പോലും നരേന്ദ്രമോദി സർക്കാരിന് ഇല്ലെന്നതിനുള്ള തെളിവാണ് ഇന്ന് പാര്ലിമെന്റിന് മുന്നിൽ കണ്ടതെന്നും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റും എംപി യുമായ എംഎ റഹീം പറഞ്ഞു.