മൂന്നാമത്തെ ആളും പിന്മാറി ; പ്രതിപക്ഷത്തിന്റെ രാഷ്ട്രപതിയാകാനുള്ള ക്ഷണം നിരസിച്ച് ഗോപാലകൃഷ്ണ ഗാന്ധി

ന്യുഡൽഹി : പ്രതിപക്ഷത്തിന്റെ രാഷ്ട്രപതിയാകാനുള്ള ക്ഷണം നിരസിച്ച് ഗോപാലകൃഷ്ണ ഗാന്ധി. എൻസിപി അധ്യക്ഷൻ ശരത് പവാർ,നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവർക്ക് പിന്നാലെയാണ് ഗോപാൽ കൃഷ്ണ ഗാന്ധിയും പ്രതിപക്ഷത്തിന്റെ ക്ഷണം നിരസിച്ചത്. രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുമ്പോൾ ദേശീയതലത്തിൽ അഭിപ്രായ ഐക്യം വേണമെന്ന് ചൂണ്ടിക്കാണിച്ചാണ് ഗോപാലകൃഷ്ണ ഗാന്ധി ക്ഷണം നിരസിച്ചത്.

പ്രതിപക്ഷ രാഷ്‌ട്രപതി സ്ഥാനാർത്ഥിക്കായി പ്രതിപക്ഷ പാർട്ടികൾ നടത്തിയ യോഗത്തിൽ നിന്ന് ക്ഷണിച്ച ആറോളം പാർട്ടികൾ വിട്ട് നിന്നിരുന്നു. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് ഗോപാലകൃഷ്ണ ഗാന്ധിയും ക്ഷണം നിരസിച്ചത്. സ്ഥാനാർത്ഥിയാകാൻ പരിഗണിച്ച മൂന്നാമത്തെ ആളും പിന്മാറിയതോടെ പൊതു സ്ഥാനാർത്ഥിയെ നിർത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി നേരിടുകയാണ്.