ശിവസേനയുടെ പതിനൊന്ന് എംഎൽഎ മാരെ കാണാനില്ല ; വമ്പൻ അട്ടിമറിക്ക് ബിജെപി

മുംബൈ : മഹാരാഷ്ട്രയിലെ ശിവസേനയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാർ പ്രതിസന്ധിയിൽ. മന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിലെ ഒരു വിഭാഗം എംഎൽഎ മാർ ബിജെപിയിൽ ചേരുമെന്ന് സൂചന. വിമത നീക്കങ്ങളുടെ ഭാഗമായി ഏക്നാഥ് ഷിൻഡെയും പതിനൊന്ന് എംഎൽഎ മാരും ഗുജറാത്തിലെ ഹോട്ടലിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ലെജിസ്ളേറ്റീവ് കൗൺസിലിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് മറിച്ച് നൽകിയതിന് പിന്നാലെ പതിനൊന്ന് എംഎൽഎ മാരെ കാണാതാവുകയായിരുന്നു. ഇതിനിടയിൽ ഉദ്ധവ് താക്കറെ അടിയന്തിരമായി എംഎൽഎ മാരുടെ യോഗം വിളിച്ചിരിക്കുകയാണ്. മുന്നണിയിലെ കോൺഗ്രസുമായും എന്സിപിയുമായും ഉദ്ധവ് ചർച്ച നടത്തിവരികയാണ്.

മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിൽ വമ്പൻ അട്ടിമറിക്ക് ഇതോടെ സാധ്യത തെളിയുകയാണ്. ലെജിസ്ളേറ്റീവ് കൗൺസിലിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎ മാരും വോട്ട് മരിച്ചതായി സൂചനയുണ്ട്. കോൺഗ്രസ്സ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. വിമത നീക്കം നടത്തുന്ന ഏക്നാഥ് ഷിൻഡെയെ അനുനയിപ്പിക്കാൻ ശരത് പവാറിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായും വിവരമുണ്ട്.