ആദിവാസി നേതാവ് ദ്രൗപതി മുർമു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥി

ന്യുഡൽഹി : രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. ആദിവാസി നേതാവ് ദ്രൗപതി മുർമു വിനെയാണ് ബിജെപി രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മുൻ ജാർഖണ്ഡ് ഗവർണർ ആയിരുന്നു ദ്രൗപതി മുർമു.

ഒഡീഷ സ്വദേശിയായ ദ്രൗപതി മുർമു ജാർഖണ്ഡിലെ ആദ്യ വനിതാ ഗവർണർ ആയിരുന്നു. 1958 ൽ ഒഡീഷയിലെ മയൂർബൻജ്ജ് ജില്ലയിൽ ജനനം. ബിരുദ പഠനത്തിന് ശേഷം അധ്യാപികയായി സേവനമനുഷ്ഠിച്ച ദ്രൗപതി മുർമു 1997 ൽ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയും ഇലക്ഷനിൽ മത്സരിച്ച് നഗരപഞ്ചയാത്ത് വൈസ്ചെയർമാൻ പദവിയിൽ പ്രവർത്തിക്കുകയും തുടർന്ന് ബിജെപിയുടെ വനവാസി വിഭാഗത്തിന്റെ സംസ്ഥാന ഉപാധ്യക്ഷയായി പ്രവർത്തിക്കുകയും ചെയ്തു.

2000 ലും 2004 ലും റായ് രങ്ഗപൂർ എംഎൽഎ ആയി വിജയിക്കുകയും രണ്ട് തവണ മന്ത്രി പദവി അലങ്കരിക്കുകയും ചെയ്തു.2015 ലാണ് ജാർഖണ്ഡിലെ ആദ്യ വനിതാ ഗവർണായി ദ്രൗപതി മുർമു സ്ഥാനമേറ്റത്.